LIFESTYLE
ഇനി ദേശീയപാതകളുടെ വശങ്ങളിൽ കെട്ടിട നിർമാണം നിയന്ത്രിക്കപ്പെടുമോ?

ദേശീയപാതകളുടെ വശങ്ങളിൽ കെട്ടിട നിർമാണം നിയന്ത്രിക്കണം എന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടതിൽ ചർച്ചകൾ നടക്കുകയാണ്. സുപ്രീം കോടതി കഴിഞ്ഞ ഏപ്രിൽ മാസം ദേശീയപാതകളുടെ 40 മീ കെട്ടിട ലൈനിന് (Building Line) പുറത്ത് മാത്രമേ താമസഗണ കെട്ടിടങ്ങളും 75 മീ. കെട്ടിട ലൈനിന് പുറത്ത് മാത്രമേ കച്ചവട ഗണ കെട്ടിടങ്ങളും അനുവദിക്കാൻ പാടുള്ളൂ എന്ന നിർദ്ദേശമാണ് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ദേശീയ സർക്കാരുകളോട് അഭിപ്രായം അറിയിക്കാൻ പറഞ്ഞിട്ടുണ്ട്. ഇതൊരു അന്തിമ വിധി എന്ന നിലയിൽ വലിയ പരിഭ്രാന്തിയാണ് ചിലരൊക്കെ പൊതുജനങ്ങളിൽ സൃഷ്ടിക്കുന്നത്. എന്നാൽ ‘ഇതൊരു അന്തിമ കോടതി വിധിയല്ല’. നിലവിലുള്ള അവസ്ഥ നമുക്കൊന്ന് പരിശോധിക്കാം.ദേശീയപാത അതോറിറ്റി പരിപാലിക്കുന്ന ഹൈവേ റോഡുകളിൽ ആ റോഡുകളുടെ വശങ്ങളിൽ വരുന്ന നിർമാണങ്ങൾക്ക് ദേശീയപാത അതോറിറ്റിയുടെ നിരാക്ഷേപത്രം അല്ലെങ്കിൽ അനുമതി വേണം എന്ന് നിലവിൽ വ്യവസ്ഥയുണ്ട്. ദേശീയപാത അതോറിറ്റി കേരളത്തിൽ പരിപാലിക്കുന്ന റോഡുകൾ എൻഎച്ച് 544, NH 66, പാലക്കാട് നിന്നും മേലാറ്റൂർ വഴി കോഴിക്കോട്ടേക്ക് പോകുന്ന പുതിയ ഗ്രീൻഫീൽഡ് ദേശീയപാതയും മാത്രമാണ്. ഇത്രയും റോഡുകളാണ് നിലവിൽ ഈ വ്യവസ്ഥയ്ക്ക് കീഴിൽ വരുന്നത്. മേൽപറഞ്ഞ പാതകൾ കടന്നു പോകുന്ന തദ്ദേശസ്ഥാപനങ്ങൾ നിലവിൽ ഈ പറഞ്ഞ അനുമതികൾ ലഭിക്കുന്ന മുറയ്ക്ക് മാത്രമേ കെട്ടിട നിർമാണ അനുമതികൾ നൽകുന്നുള്ളൂ. മറ്റ് ദേശീയപാതകൾക്കോ സംസ്ഥാന ഹൈവേകൾക്കും ഇതു ബാധകം ആയിട്ടില്ല. ഇനി ഇതിന്റെ ഒരു പ്രായോഗിക സാധ്യതകളും ആവശ്യകതയും നമുക്കൊന്ന് പരിശോധിക്കാം. ദേശീയതലത്തിൽ അല്ലെങ്കിൽ അന്തർദേശീയ തലത്തിൽ ഹൈവേകൾ എന്നത് വളരെ പരിമിതമായവിധത്തിൽ മാത്രം മറ്റ് റോഡുകളിൽ നിന്നും കയറാനും മറ്റു റോഡുകളിലേക്ക് ഇറങ്ങാനും അനുമതിയുള്ള വലിയ ദൂരത്തിലുള്ള സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന തടസ്സരഹിത അതിവേഗ യാത്ര പ്രധാനം ചെയ്യുന്ന പാതകളാണ്. എന്നാൽ കേരളത്തിൽ നിലവിലുള്ള എല്ലാ ദേശീയപാതകളും മുൻകാലങ്ങളിൽ ഉണ്ടായിരുന്ന റോഡുകളെ കൂട്ടിച്ചേർത്ത് ദേശീയപാതയായി വിജ്ഞാപനം ചെയ്തിട്ടുള്ളതും കാലാകാലങ്ങളിൽ ലഭ്യമായ ഭൂമി മാത്രം ഉപയോഗിച്ച് വീതി കൂട്ടുകയും ചെയ്തിട്ടുള്ളതാണ്. അതുകൊണ്ടുതന്നെഈ റോഡുകൾക്ക് ദേശീയപാത മാനദണ്ഡങ്ങൾ പ്രകാരം ആറുവരിക്ക് വേണ്ടതായ 60 മീറ്റർ വീതിയോ എട്ടുവരി പാതകൾക്ക് ആവശ്യമായ 70 മീറ്റർ വീതിയോ ഇല്ല എന്നതാണ് വാസ്തവം.ഇപ്പോൾ നിലവിൽ നിർമാണം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്ന ദേശീയപാത 66 പോലും കേവലം 45 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുത്താണ് നിർമാണം പുരോഗമിക്കുന്നത്. എന്നാൽ പുതിയതായി വിഭാവനം ചെയ്യുന്ന അങ്കമാലി -അരൂർ, അങ്കമാലി – കൊടുങ്ങല്ലൂർ എന്നീ രണ്ട് ദേശീയപാത ബൈപ്പാസുകൾ 70 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുത്ത് ആദ്യഘട്ടത്തിൽ എട്ടുവരി പാതയായും പിന്നീട് പത്തുവരിയിലേക്ക് വികസിപ്പിക്കാവുന്ന വിധത്തിലാണ് വിഭാവനം ചെയ്യുന്നത്. അങ്ങനെ വരുന്ന സാഹചര്യത്തിൽ കോടതി നിർദ്ദേശിച്ച നിയന്ത്രണങ്ങൾ എങ്ങനെയാണ് ജനത്തെ ബാധിക്കുന്നത് എന്ന് പരിശോധിക്കാം.സുപ്രീം കോടതിയുടെ 13 – 4 -2026 തീയതിയിലെ WP(C) No. 1100 of 2025 നമ്പർ ഉത്തരവിൻ്റെ 4 e പാരഗ്രാഫിൽ ഇങ്ങനെ പറയുന്നു.” ദേശീയപാത കടന്നുപോകുന്ന ഓരോ ജില്ലയിലും, ബന്ധപ്പെട്ട ജില്ലാ മജിസ്ട്രേറ്റ് ഈ ഉത്തരവിന്റെ നിശ്ചിത സമയപരിധിക്കുള്ളിൽ ഇന്ത്യയിലെ ഓരോ ജില്ലയിലും ഒരു ജില്ലാ ഹൈവേ സുരക്ഷാ ടാസ്ക് ഫോഴ്സ് രൂപീകരിക്കണം. ഈ ടാസ്ക് ഫോഴ്സിൽ ജില്ലാ ഭരണകൂടം, പൊലീസ്, എൻ.എച്ച്.എ.ഐ. (അല്ലെങ്കിൽ ബന്ധപ്പെട്ട ഭൂമിയുടെ ഉടമസ്ഥാവകാശമുള്ള ഏജൻസി), പൊതുമരാമത്ത് വകുപ്പ് (PWD), തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലെ ഉദ്യോഗസ്ഥർ അംഗങ്ങളായിരിക്കണം.
Cinema ⏭️


