BUSINESS
ഐഎസ്ആര്‍ഒ സ്വകാര്യവല്‍ക്കരിക്കില്ല; റോക്കറ്റ് നിര്‍മ്മാണം കൈമാറുന്നതിന് പിന്നിലെ വന്‍ പദ്ധതി വ്യക്തമാക്കി കേന്ദ്രം

ഐഎസ്ആര്‍ഒയെ (ISRO) സ്വകാര്യവല്‍ക്കരിക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടെ കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുകയാണ്. പൂര്‍ണ്ണമായും സ്വകാര്യവല്‍ക്കരിക്കുന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന് ഇന്‍-സ്പേസും (IN-SPACe) വ്യക്തമാക്കി. റോക്കറ്റ് നിര്‍മ്മാണം സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതിലൂടെ ഭാവിയിലെ വന്‍കിട ബഹിരാകാശ ദൗത്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. ഈ മാറ്റം ഇന്ത്യയുടെ ബഹിരാകാശ കുതിപ്പിന് എങ്ങനെ കരുത്തേകുമെന്നാണ് ഇന്നു നോക്കുന്നത്.പൂർണ്ണ സ്വകാര്യവല്ക്കരണമില്ലഐഎസ്ആര്ഒയെ സ്വകാര്യവല്‍ക്കരിക്കാനോ അതിന്റെ പ്രാധാന്യം കുറയ്ക്കാനോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നതാണ് സത്യം. നിലവില്‍ വിജയകരമായി നിര്‍മ്മിക്കുന്ന റോക്കറ്റുകള്‍, സാധാരണ ഉപഗ്രഹങ്ങള്‍ എന്നിവയുടെ നിര്‍മ്മാണ ചുമതലകള്‍ സ്വകാര്യ മേഖലയ്ക്കോ, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കോ കൈമാറുകയാണ് ലക്ഷ്യം. ഐഎസ്ആര്‍ഒ ഇനി റോക്കറ്റുകള്‍ നിര്‍മ്മിക്കില്ലെന്ന ഇന്‍-സ്പേസ് ചെയര്‍മാന്റെ പ്രസ്താവന ജീവനക്കാരില്‍ ആശങ്കയുണ്ടാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അധികൃതര്‍ വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയത്.ഇന്ത്യയ്ക്ക് നേട്ടമാകുന്നത് എങ്ങനെ2030 ഓടെ പ്രതിവര്‍ഷം 50 ബഹിരാകാശ വിക്ഷേപണങ്ങള്‍ നടത്താന്‍ ഇന്ത്യ ലക്ഷ്യമിടുന്നു. നിലവിലെ പ്രവര്‍ത്തന ശൈലിയില്‍ ഐഎസ്ആര്‍ഒയ്ക്ക് ഇതിനു സാധ്യമല്ല. അതിനാലാണ് സ്വകാര്യ പങ്കാളിത്തത്തിന് ഒരുങ്ങുന്നത്. ബഹിരാകാശ രംഗത്ത് ഇന്ത്യയെ ഒരു പ്രധാന ആഗോള ശക്തിയായി മാറ്റാനും, ബഹിരാകാശ സമ്പദ്വ്യവസ്ഥ വികസിപ്പിക്കാനും പുതിയ നീക്കങ്ങള്‍ക്ക് സാധിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ബഹിരാകാശ മേഖലയിലേക്ക് കൂടുതല്‍ സ്വകാര്യ കമ്പനികള്‍ വരുന്നതോടെ വലിയ സാമ്പത്തിക നിക്ഷേപം രാജ്യത്തേക്ക് എത്തുകയും, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും.ഐഎസ്ആര്‍ഒയുടെ വളര്‍ച്ചയ്ക്ക് പ്രധാനംറോക്കറ്റ് നിര്‍മ്മാണം പോലുള്ള അടിസ്ഥാന കാര്യങ്ങള്‍ സ്വകാര്യ മേഖലയെ ഏല്‍പ്പിക്കുന്നതോടെ, ഐഎസ്ആര്‍ഒയ്ക്ക് പുതിയ സാങ്കേതികവിദ്യകള്‍ കണ്ടെത്തുന്നതിലും നൂതന ഗവേഷണങ്ങളിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. 2035 -ല്‍ ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം (ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്) സ്ഥാപിക്കുക, 2040-ല്‍ ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുക, വീണ്ടും ഉപയോഗിക്കാവുന്ന വിക്ഷേപണ വാഹനങ്ങള്‍ വികസിപ്പിക്കുക തുടങ്ങിയ വലിയ ലക്ഷ്യങ്ങള്‍ക്ക് കൂടുതല്‍ സമയവും, വിഭവങ്ങളും ആവശ്യമാണ്.സര്‍ക്കാരിനും നേട്ടംരാജ്യത്തെ മികച്ച ശാസ്ത്രജ്ഞരുടെ കഴിവുകളും, മനുഷ്യവിഭവവും ശരിയായ ദിശയില്‍ ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. ഇതോടകം വിജയം കൈവരിച്ച മേഖലകളില്‍ ഇന്ത്യന്‍ ബുദ്ധികേന്ദ്രങ്ങളെ തളച്ചിടാതിരിക്കാനാണ് പുതിയ പദ്ധതി. സാധാരണ റോക്കറ്റ് നിര്‍മ്മാണത്തിന് പകരം ഭാവിയിലേക്കുള്ള ഏറ്റവും അത്യാവശ്യമായ പുതിയ ഗവേഷണങ്ങള്‍ക്കായി ഈ മനുഷ്യ സമ്പത്ത് പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. അടിസ്ഥാന നിര്‍മ്മാണ കാര്യങ്ങളില്‍ സ്വകാര്യ നിക്ഷേപം വരുന്നതിനാല്‍ സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത കുറയുകയും, ആ ഫണ്ട് ഗവേഷണങ്ങള്‍ക്ക് മാത്രമായി മാറ്റാനും സാധിക്കും.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍/ ആശങ്കകള്‍ ഐഎസ്ആര്‍ഒ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകള്‍ രാജ്യത്തിന്റെ സ്വത്താണ്. ഇവ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുന്നത് തികച്ചും സുതാര്യവും സുരക്ഷിതവുമായിരിക്കണം. ഇതിനു മികച്ച മേല്‍നോട്ടവും, നയമങ്ങളും ആവശ്യമാണ്. നിലവിലെ ജീവനക്കാരുടെ തൊഴില്‍ സുരക്ഷയെക്കുറിച്ചും, ഭാവിയില്‍ നടക്കേണ്ട നിയമനങ്ങളെക്കുറിച്ചും ജീവനക്കാരുടെ സംഘടനകള്‍ക്ക് ആശങ്കയുണ്ട്. ഇതില്‍ സര്‍ക്കാരും ഐഎസ്ആര്‍ഒയും കൂടുതല്‍ വ്യക്തത വരുത്തേണ്ടി വരും. ബഹിരാകാശ രംഗം രാജ്യസുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടതാണ്. അതിനാല്‍ സ്വകാര്യ കമ്പനികള്‍ക്ക് സാങ്കേതികവിദ്യ കൈമാറുമ്പോള്‍ തന്ത്രപ്രധാനമായ സുരക്ഷാ കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകാതെ ശ്രദ്ധിക്കണം.(മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നിലവില്‍ ലഭ്യമായ വാര്‍ത്തകളുടെയും, റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ മാത്രമാണ്. പുരോഗമിക്കുന്ന വിഷയമാണ്. മാറ്റങ്ങള്‍ വരാം. കൂടുതല്‍ അപ്ഡേറ്റുകള്‍ക്കായി കാത്തിരിക്കുക.)
Read News


