BUSINESS
റിലയൻസ് ജിയോ: കേരളത്തിൽ 1.1 കോടി കടന്ന് വരിക്കാർ; ദേശീയ തലത്തിൽ 52 കോടി, ഐപിഒ ഉടൻ

മുംബൈ∙ പത്തുവർഷം മുൻപ് രാജ്യത്ത് അവതരിപ്പിച്ച റിലയൻസ് ജിയോയ്ക്ക് ഇന്ന് സംസ്ഥാനത്ത് 1.119 കോടി വയർലെസ് വരിക്കാർ. 2016 സെപ്റ്റംബറിൽ 5.8 ലക്ഷം വരിക്കാരെ നേടിക്കൊണ്ടായിരുന്നു കേരളത്തിലെ തുടക്കം. ട്രായിയുടെ കഴിഞ്ഞ ജൂണിലെ കണക്കുപ്രകാരം, കേരളത്തിലെ 4.27 കോടി വയർലെസ് വരിക്കാരിൽ 26.2% ജിയോയ്ക്കാണ്.പത്തുവർഷത്തിനിടെ ശരാശരി 35.5% വാർഷിക വളർച്ചയുമായാണ് ജിയോയുടെ മുന്നേറ്റം. 1.27 കോടി വരിക്കാരുമായി വൊഡാഫോൺ -ഐഡിയയാണ് (വിഐ )കേരളത്തിൽ ഒന്നാമത്. എയർടെലിന് 97.9 ലക്ഷവും ബിഎസ്എൻഎലിന് 89.8 ലക്ഷവും വരിക്കാരുണ്ട്. ചെറുകിട ഓപ്പറേറ്റർമാർ കളംവിട്ടതോടെ സംസ്ഥാനത്തെ ടെലികോം വിപണി പ്രധാനമായും ഈ നാലു കമ്പനികളുടെ മത്സരമായി മാറി.ജിയോ എത്തിയതോടെ ഡേറ്റയുടെ വിലയിലും വലിയ മാറ്റമുണ്ടായി. ജിയോ സേവനം ആരംഭിച്ച സമയത്ത് ഒരു ജിബി ഡേറ്റയ്ക്ക് ഉപയോക്താവ് നൽകേണ്ടിയിരുന്നത് 228 രൂപ. ഇന്ന് അത് 8 രൂപയിൽ താഴെ. കുറഞ്ഞ നിരക്കിലുള്ള ഡേറ്റയുടെ വ്യാപനം മൊബൈൽ ഇന്റർനെറ്റ് ഉപയോഗത്തിലും വലിയ കുതിപ്പിന് വഴിയൊരുക്കി. രാജ്യത്ത് ജിയോയുടെ വയർലെസ് സേവനം 99 ശതമാനം ജനങ്ങളിലേക്കും എത്തിയതായി കമ്പനി പറയുന്നു. കണക്ടിവിറ്റി സേവനത്തിൽനിന്ന് ഡിജിറ്റൽ സേവനങ്ങളുടെ വിശാല മേഖലയിലേക്കും ജിയോ ഇതിനിടെ ചുവടുവച്ചു. സാങ്കേതികവിദ്യ, വിനോദം, ക്ലൗഡ് സ്റ്റോറേജ്, എഐ, കംപ്യൂട്ടിങ്, എന്റർപ്രൈസ് സൊല്യൂഷൻസ് തുടങ്ങിയ മേഖലകളിലേക്കാണ് ജിയോ പ്ലാറ്റ്ഫോംസ് പ്രവർത്തനം വ്യാപിപ്പിച്ചത്. 37000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ള ജിയോയുടെ ഐപിഒ ഉടൻ ഉണ്ടാകും. രാജ്യത്തെ ഏറ്റവും വലിയ ഐപിഒ ആയിരിക്കും ഇത്.
Travel ⏭️


