NEWS

വിദ്യാർഥിയുടെ പിതാവിനെ ആക്രമിച്ച സംഭവം: ‘പ്രതിയെ 72 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്യും’; സിജെപി ഉപരോധം വിജയം


ന്യൂഡൽഹി∙ ജന്തർ മന്തർ പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥിയുടെ പിതാവിന്റെ തല അടിച്ചുപൊട്ടിച്ചയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് കോക്രോച്ച് ജനത പാർട്ടി (സിജെപി) പ്രവർത്തകർക്ക് ഉറപ്പു നൽകി ഡൽഹി പൊലീസ്. ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ സിജെപി പ്രവർത്തകർ നടത്തിയ ഉപരോധത്തിനൊടുവിലാണ് ഡൽഹി പൊലീസ് ആവശ്യങ്ങൾ അംഗീകരിച്ചത്. സിജെപി പ്രവർത്തകൻ നിഷു ആസാദിന്റെ പിതാവ് സഞ്ജയ് ആസാദിന്റെ തലയോട്ടി ഹിന്ദുത്വ ഇൻഫ്ലുവൻസർ എന്ന് സ്വയം അവകാശപ്പെടുന്ന സ്വതന്ത്ര ഭരദ്വാജ് അടിച്ചു തകർത്ത സംഭവത്തിലായിരുന്നു പ്രതിഷേധം. സഞ്ജയ് ആസാദിനെ മർദിച്ചെന്ന വിവരം ഭരദ്വാജ് തന്നെയാണ് പുറത്തുവിട്ടത്. ബിജെപി നേതാവിന്റെ ഇടപെടൽ കാരണം തനിക്ക് ജയിലിൽ കഴിയേണ്ടി വന്നില്ലെന്നും ഭരദ്വാജ് പറഞ്ഞിരുന്നു. ഇതിന്റെ വിഡിയോ വൈറലായതോടെയാണ് സിജെപി പ്രതിഷേധവുമായി എത്തിയത്. സിജെപി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരുടെ നേതൃത്വത്തിലാണ് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ ഉപരോധം. സ്വതന്ത്ര ഭരദ്വാജിനെ 72 മണിക്കൂറിനുള്ളിൽ അറസ്റ്റു ചെയ്യുമെന്ന് ഡൽഹി പൊലീസ് സിജെപി പ്രവർത്തകർക്ക് ഉറപ്പു നൽകി. നൂറു കണക്കിന് പ്രവർത്തകരാണ് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചത്. ഇതേത്തുടർന്ന് സ്ഥലത്ത് കനത്ത സുരക്ഷയേർപ്പെടുത്തിയിരുന്നു.


Fashion ⏭️

Back to top button