ഡോ. എസ്.എസ്. ലാലിനെ ആരോഗ്യ മേഖല സ്പെഷ്യൽ റാപ്പോട്ടറാക്കണം മനുഷ്യാവകാശ കമ്മിഷൻ നിർദ്ദേശം

തിരുവനന്തപുരം: ആരോഗ്യമേഖലയിലെ ഗുരുതരമായ പ്രശ്നങ്ങൾ പഠിച്ച് പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുന്നതിനായി പൊതുജനാരോഗ്യ വിദഗ്ദ്ധനായ ഡോ എസ്. എസ്. ലാലിനെ സ്പെഷ്യൽ റാപ്പോട്ടർ കം സ്പെഷ്യൽ മോണിട്ടറായി നിയോഗിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് സർക്കാരിന് നിർദ്ദേശം നൽകി.
ലോകാരോഗ്യ സംഘടനയിൽ കൺസൾട്ടന്റായി പ്രവർത്തിച്ച് രാജ്യാന്തരതലത്തിൽ അംഗീകാരം നേടിയ ഡോ. ലാലിന് സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ പ്രതിസന്ധികൾ ദീർഘവീക്ഷണത്തോടെ പഠിച്ച് ഉപദേശ, നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കഴിയും. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഉൾപ്പെടെയുള്ള പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
സ്വകാര്യ ആരോഗ്യ മേഖലയിൽ ആഗോള ഭീമൻമാർ കോടികൾ നിക്ഷേപിക്കുന്ന സാഹചര്യത്തിൽ മദ്ധ്യവർഗവും സർക്കാർ ആരോഗ്യമേഖലയെ ആശ്രയിക്കുന്ന കാലം വിദൂരമല്ലെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. സംസ്ഥാനാടിസ്ഥാനത്തിലുള്ള വിവിധ ഏജൻസികളും ഉദ്യോഗസ്ഥരുമായി ഡോ. ലാൽ ചർച്ച നടത്തി വിഷയങ്ങൾ ആഴത്തിൽ പഠിച്ച് നിരീക്ഷണങ്ങളും വിലയിരുത്തലും നിർദ്ദേശങ്ങളും അടങ്ങുന്ന ഇടക്കാല റിപ്പോർട്ട് രണ്ടു മാസത്തിനകം കമ്മിഷന് നൽകണം. തിരുവനന്തപുരം ഗവ.മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. അൽതാഫിന്റെ സേവനം ഡോ. ലാലിന് ലഭ്യമാക്കണം. ആരോഗ്യ വിദഗ്ദ്ധരായ ഡോ. രാമൻകുട്ടി, ഡോ. ബി ഇക്ബാൽ, ഡോ. എം. ഐ. ജുനൈദ് റഹ്മാൻ എന്നിവരുടെ നിർദ്ദേശങ്ങളും റാപ്പോട്ടർ സ്വീകരിക്കണം.


