‘കൂടെയുണ്ടെന്ന് പറഞ്ഞ നേതാക്കൾ അധികാരത്തിലെത്തി, എന്നിട്ടും നീതിയില്ല’; സർക്കാരിനെതിരെ കോൺഗ്രസ് നേതാവ്

വി എസ് സുജിത്ത്, പൊലീസ് മർദനത്തിന്റെ സിസിടിവി ദൃശ്യം (ഫയൽ ചിത്രം)
തൃശൂർ: കുന്നം കുളം പൊലീസ് മർദനത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്തതിൽ യുഡിഎഫ് സർക്കാരിനെ വിമർശിച്ച് ഇരയായ കോൺഗ്രസ് പ്രവർത്തകൻ വിഎസ് സുജിത്ത്. നിയമപോരാട്ടത്തിലൂടെ മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുകൊണ്ടുവന്ന് ഒരു വർഷം പിന്നിട്ടിട്ടും തനിക്ക് നീതി ലഭിച്ചില്ലെന്നും അധികാരത്തിലെത്തിയ നേതാക്കൾ പ്രവർത്തിച്ചുകാണിക്കണമെന്നും സുജിത്ത് ആവശ്യപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവച്ച തുറന്ന കത്തിലൂടെയായിരുന്നു സുജിത്തിന്റെ പ്രതികരണം.
‘പൊലീസ് മർദനമേറ്റ തന്നോട് അന്ന് നേതാക്കൾ പറഞ്ഞത് കൂടെയുണ്ടെന്നാണ്. നീതിക്കായി അവസാനംവരെ പൊരുതുമെന്നും തല്ലിയവരെ ഡിപാർട്മെന്റിൽനിന്ന് പുറത്താക്കുമെന്നും നേതാക്കൾ പറഞ്ഞു. ആ വാക്ക് വിശ്വസിച്ച് ഞാനും കുടുംബവും കാത്തിരുന്നു. ഇന്ന് ഒരു വർഷം കഴിഞ്ഞു. നമ്മുടെ സർക്കാർ വന്നു. പിന്തുണ പ്രഖ്യാപിച്ചവരിൽ ഒരാൾ മുഖ്യമന്ത്രിയും മറ്റൊരാൾ ആഭ്യന്തരമന്ത്രിയും മറ്റൊരാൾ കെപിസിസി പ്രസിഡന്റായി തുടരുകയും ചെയ്യുന്നു. എന്നാൽ സർക്കാർ എന്ത് നടപടിയാണെടുത്തത്’- സുജിത്ത് ചോദിക്കുന്നു.
തനിക്ക് രാഷ്ട്രീയ സംരക്ഷണമല്ല, നീതിയാണ് വേണ്ടതെന്നും അതിനുവേണ്ടി ഒരു വർഷമായി കാത്തിരിക്കുന്ന തന്നോട് നേതാക്കൾക്ക് എന്താണ് പറയാനുള്ളതെന്നും സുജിത്ത് ചോദിച്ചു. തനിക്ക് നീതി വൈകുന്നത് കുറ്റക്കാരെ സംരക്ഷിക്കുന്നതിനാകരുതെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. മുഖ്യമന്ത്രി വി ഡി സതീശൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവരെ പോസ്റ്റിൽ ടാഗ് ചെയ്തിട്ടുമുണ്ട്.
2023ലാണ് കുന്നംകുളം പൊലീസ് സ്റ്റേഷനുള്ളിൽ സുജിത്ത് ക്രൂര മർദനത്തിനിരയായത്. രണ്ട് വർഷം നീണ്ട പോരാട്ടത്തിലൂടെയാണ് സിസിടിവി ദൃശ്യങ്ങൾ പുറത്തുകൊണ്ടുവന്നത്. നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെങ്കിലും തന്നെ മർദിച്ച എല്ലാവരെയും പുറത്താക്കണമെന്നാണ് സുജിത്തിന്റെ ആവശ്യം.


