NEWS

കെ.എസ്.ആർ.ടി.സി ഗ്രാറ്റുവിറ്റി തുടരണം: ഹൈക്കോടതി

കൊച്ചി: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി ആനുകൂല്യം ലഭ്യമാക്കണമെന്ന് ഹൈക്കോടതി. കെ.എസ്.ആർ.ടി.സിയെ ഗ്രാറ്റുവിറ്റി നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി സർക്കാർ വിജ്ഞാപനം ഇറക്കിയിരുന്നു. അതു റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബെഞ്ച് ശരിവച്ചത്. കെ.എസ്.ആർ.ടി.സി നൽകിയ അപ്പീൽ തള്ളിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ബെ‌ഞ്ചിന്റെ ഉത്തരവ്.

കേരള സർവീസ് റൂൾസ് (കെ.എസ്.ആർ) പ്രകാരമുള്ള ആനുകൂല്യങ്ങളാണ് ഗ്രാറ്റുവിറ്റി വ്യവസ്ഥകളേക്കാൾ മികച്ചതെന്നായിരുന്നു കെ.എസ്.ആർ.ടി.സിയുടെ വാദം. ഗ്രാറ്റുവിറ്റി നിയമപ്രകാരം ലഭിക്കുന്ന ആനുകൂല്യങ്ങളാണ് ജീവനക്കാർക്ക് കൂടുതൽ ഗുണകരമെന്ന് കോടതി നിരീക്ഷിച്ചു.

പി. കുമാർദാസ്, വി.ഇ. മോഹനൻ തുടങ്ങി വിരമിച്ച ഒരുകൂട്ടം ജീവനക്കാർ നൽകിയ ഹർജിയിലാണ് നേരത്തേ സിംഗിൾബെഞ്ച് ഉത്തരവുണ്ടായത്.

കെ.എസ്.ആർ, ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾ തമ്മിൽ യാതൊരു താരതമ്യവുമില്ലെന്നാണ് ഇവർ വാദിച്ചത്. പെൻഷൻ തുക മുൻകൂറായി കൈപ്പറ്റുന്ന കമ്മ്യൂട്ടഡ് വാല്യൂ കൂടി ഉൾപ്പെടുത്തിയാണ് കെ.എസ്.ആർ.ടി.സി തെറ്റിദ്ധരിപ്പിക്കുന്നത്. ഈ തുക ഒഴിവാക്കിയാൽ കെ.എസ്.ആർ പ്രകാരമുള്ള ആനുകൂല്യങ്ങൾ കുറവാണെന്നും ചൂണ്ടിക്കാട്ടി.

Read News ⏭️

Back to top button