SPORTS
നോ കോംപ്രമൈസ്! ടീം സിലക്ഷനിൽ പുതിയ നയം സ്വീകരിച്ച് ബിസിസിഐ; ഒറ്റയടിക്ക് എട്ടു മാറ്റങ്ങൾ

ന്യൂഡൽഹി ∙ അഫ്ഗാനിസ്ഥാനെതിരായ 3 ട്വന്റി20 മത്സര പരമ്പരയ്ക്കായുള്ള ഇന്ത്യൻ ടീമിനെ ചൊവ്വാഴ്ചയാണ് ബിസിസിഐ സിലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. പേസ് ബോളർ ജസ്പ്രീത് ബുമ്ര ഉൾപ്പെടെ പരുക്കു മൂലം പുറത്തായിരുന്ന ഒരുപിടി താരങ്ങൾ ടീമിലേക്ക് തിരിച്ചെത്തുകയും ചെയ്തു. ബുമ്രയെ കൂടാതെ നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൻ സുന്ദർ, ഹർഷിത് റാണ എന്നിവരാണ് മടങ്ങിയെത്തിയത്. എന്നാൽ പരുക്ക് പൂർണമായി ഭേദമായെന്നു തെളിയിക്കുന്ന ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചാലെ ഇവർക്ക് കളിക്കാൻ സാധിക്കൂ. ഈ താരങ്ങളുടെ ഫിറ്റ്നസിന്റെ കാര്യത്തിൽ ബോർഡിന് നൂറു ശതമാനം ഉറപ്പില്ലെന്ന സൂചനയാണ് ഇതു നൽകുന്നത്. പരുക്കേറ്റ താരങ്ങളെ കൈകാര്യം ചെയ്യുന്നതിൽ അടുത്തിടെ നേരിട്ട വിമർശനങ്ങൾക്കിടെ, ഇത്തവണ ടീം തിരഞ്ഞെടുപ്പിൽ ബിസിസിഐ പുതിയ സമീപനമാണ് സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്. ‘‘100 ശതമാനമല്ല, ഒരു താരത്തെ ടീമിലേക്ക് വിട്ടുകൊടുക്കുന്നതിന് മുൻപ് അവരുടെ ലഭ്യതയെക്കുറിച്ച് 200 ശതമാനം ആത്മവിശ്വാസം ഉണ്ടായിരിക്കണമെന്നാണ് ബിസിസിഐ ആഗ്രഹിക്കുന്നത്.’’– ബിസിസിഐയുമായി ബന്ധപ്പെട്ട അടുത്തവൃത്തം പറഞ്ഞു. ടീം തിരഞ്ഞെടുപ്പിൽ പൂർണമായും സുതാര്യത ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് വ്യക്തമാക്കിക്കൊണ്ട് സിഒഇ മേധാവി വി.വി.എസ്. ലക്ഷ്മൺ അടുത്തിടെ ബോർഡിന്റെ നിലപാട് വിശദീകരിച്ചിരുന്നു. ‘‘ഫിറ്റ്നസ് റിപ്പോർട്ടുകളിലും ടീം തിരഞ്ഞെടുപ്പിലും പൂർണമായ സുതാര്യത കൊണ്ടുവരികയാണ് ബിസിസിഐ ചെയ്യുന്നത്. ടീം തിരഞ്ഞെടുപ്പിന് ശേഷം, അത് മാധ്യമങ്ങളിലൂടെ പുറത്തുവിടുമ്പോൾ, ഈ താരങ്ങവെ ഫിറ്റ്നസിന് വിധേയമായാണ് തിരഞ്ഞെടുത്തതെന്ന് വ്യക്തമായി രേഖപ്പെടുത്താറുണ്ട്. അതായത്, അവർ ഫിറ്റ്നസ് ടെസ്റ്റ് പാസായില്ലെങ്കിൽ, അവർക്ക് പകരം ആരെയാണ് ഉൾപ്പെടുത്തേണ്ടതെന്ന് സിലക്ടർമാർക്ക് കൃത്യമായി അറിയാം. അത് തികച്ചും അടിസ്ഥാനപരമായ ഒരു കാര്യമാണ്.’’– ലക്ഷ്മൺ പറഞ്ഞു.ജസ്പ്രീത് ബുമ്രയും നിതീഷ് കുമാർ റെഡ്ഡിയും അഫ്ഗാനിസ്ഥാൻ പരമ്പര തുടങ്ങുന്നതിനു മുൻപു തന്നെ പൂർണ ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള പാതയിലാണ്. എന്നാൽ ഹർഷിത് റാണ, വാഷിങ്ടൻ സുന്ദർ എന്നിവരുടെ കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഈ മാസം നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള അതേ ടീമിനെയാണ് അഫ്ഗാൻ പരമ്പരയ്ക്കും നിയോഗിച്ചിരിക്കുന്നത്. 13നും 15നും 17നുമാണ് മത്സരങ്ങൾ. ശ്രേയസ് അയ്യർ നയിക്കുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസണും കൗമാരതാരം വൈഭവ് സൂര്യവംശിയും ഇടം നേടി.
Auto ⏭️


