NEWS

വരാനിരിക്കുന്നതു വരൾച്ചക്കാലമോ? ഈ മൺസൂൺ കാലത്ത് ഏറ്റവും കുറവ് മഴപെയ്തത് വയനാട്ടിൽ; ആശങ്ക


കൽപറ്റ ∙ മൺസൂൺ 3 മാസം പിന്നിടുമ്പോൾ വയനാട്ടിൽ 37% മഴക്കുറവെന്ന് ഹ്യൂം കാലാവസ്ഥാ ലാബ് റിപ്പോർട്ട്. ഹ്യൂം കാലാവസ്ഥാ ലാബിന്റെ വിശകലന പ്രകാരം, ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ ജില്ലയിൽ ആകെ ലഭിച്ചത് 1391 മില്ലിമീറ്റർ ശരാശരി മഴ മാത്രമാണ്. ഈ കാലയളവിൽ ലഭിക്കേണ്ട ശരാശരി മഴ 2200 മില്ലിമീറ്റർ ആണെന്നാണു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. ഇതു കണക്കിലെടുക്കുമ്പോൾ 37% ശതമാനത്തിന്റെ കുറവാണ് ഇത്തവണ അനുഭവപ്പെടുന്നത്. ജൂൺ, ജൂലൈ മാസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഓഗസ്റ്റിൽ ഭേദപ്പെട്ട മഴ ലഭിച്ചത് ചെറിയൊരു ആശ്വാസമായെങ്കിലും മൺസൂണിൽ മൊത്തത്തിലുള്ള കുറവ് നികത്താൻ ഇതിനായിട്ടില്ല. ആഗോള കാലാവസ്ഥാ വ്യതിയാനങ്ങളും എൽനിനോ പ്രതിഭാസത്തിന്റെ സ്വാധീനവുമാണു മഴക്കുറവിന്റെ കാരണമെന്നാണു വിലയിരുത്തൽ.മാറിമറിയുന്നു മഴക്കാലം  ജില്ലയിലെ പ്രാദേശികമായ മഴ ലഭ്യതയിൽ വലിയ വ്യത്യാസവുമുണ്ടായി. വയനാട്ടിൽ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് തൊണ്ടർനാട് പഞ്ചായത്തിലെ കുഞ്ഞോം (3,986 മില്ലിമീറ്റർ), മട്ടിലയം (3,435 മില്ലിമീറ്റർ) എന്നീ പ്രദേശങ്ങളിലാണ്. തൊട്ടടുത്തായി വൈത്തിരി പഞ്ചായത്തിലെ ലക്കിടിയിൽ 3730 മില്ലിമീറ്റർ മഴ ലഭിച്ചു. എന്നാൽ, കിഴക്കൻ ഗ്രാമങ്ങളിലേക്ക് എത്തുമ്പോൾ സ്ഥിതി തീർ‍ത്തും വ്യത്യസ്തമാണ്. മുള്ളൻകൊല്ലി പഞ്ചായത്തിലെ മരക്കടവിൽ വെറും 383 മില്ലിമീറ്റർ മഴയും നൂൽപുഴ പഞ്ചായത്തിലെ കല്ലുമുക്കിൽ 404 മില്ലിമീറ്റർ മഴയും മാത്രമാണ് ഇക്കാലയളവിൽ ലഭിച്ചത്.സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ പെയ്തത് വയനാട്ടിൽ  പുൽപള്ളി ∙ സംസ്ഥാനത്ത് ഈ മൺസൂൺ കാലത്ത് ഏറ്റവും കുറവ് മഴപെയ്തത് വയനാട്ടിൽ. കേരളത്തിൽ എല്ലാ ജില്ലകളിലും ലക്ഷദ്വീപിലും മഴകാര്യമായി കുറഞ്ഞു. ഇനി മഴ കുറയുമെന്നാണു സൂചന. ഇക്കൊല്ലം വേനൽമഴ ലഭിക്കാത്തതും പ്രതിസന്ധി വർധിക്കാനിടയായി. പുൽപള്ളി, മുള്ളൻകൊല്ലി, പൂതാടി, തിരുനെല്ലി പഞ്ചായത്തുകളിൽ ഇക്കൊല്ലം തീരെ മഴയില്ല. കാവേരിയുടെ വൃഷ്ടിപ്രദേശങ്ങളിൽ മഴകുറഞ്ഞത് അയൽ സംസ്ഥാനങ്ങളിലും ജലലഭ്യത ഇല്ലാതാക്കി. മഴക്കാലമെന്ന തോന്നലുണ്ടാക്കിയതും വിരലിലെണ്ണാവുന്ന ദിനങ്ങളിലായിരുന്നെന്നു കർഷകർ പറയുന്നു. വയനാടൻ കൃഷി മേഖലയ്ക്കും കടുത്ത തിരിച്ചടിയാണ് സംഭവിക്കുന്നത്.


Fashion ⏭️

Back to top button