SPORTS
അക്ഷറിന്റെ പ്രകടനം പോരാ! 2021ൽ അവസാന രാജ്യാന്തര മത്സരം കളിച്ച ഓൾറൗണ്ടറെ തിരിച്ചുകൊണ്ടുവരാൻ ബിസിസിഐ?

മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സ്ഥിരം സാന്നിധ്യമായ ചില താരങ്ങൾക്ക് പകരക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിസിസിഐ. സ്ഥിരം താരങ്ങളെ ഉടൻ മാറ്റാന് ഉദ്ദേശിക്കുന്നില്ലെങ്കിലും ബാക്അപ് ഓപ്ഷനുകളെയാണ് ടീം മാനേജ്മെന്റും ബിസിസിഐയും അന്വേഷിക്കുന്നത്. ഏകദിന ടീമിൽ ശ്രേയസ്സ് അയ്യർക്ക് ബാക്അപ്പായി തിലക് വർമയെ ടീമിലേക്ക് കൊണ്ടുവരാൻ ബിസിസിഐ തീരുമാനിച്ചതായി കഴിഞ്ഞദിവസം റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇടംകയ്യൻ സ്പിന്നറായ അക്ഷർ പട്ടേൽ, വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യൻ ടീമിലെ അവിഭാജ്യഘടകമാണ്. എന്നാൽ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിൽ അക്ഷറിന്റെ മോശം പ്രകടനം മത്സരഫലങ്ങളിലും പ്രതിഫലിച്ചിരുന്നു. ഇതോടെയാണ് താരത്തിനു പകരക്കാരനെ കണ്ടെത്താൻ ടീം മാനേജ്മെന്റ് ആലോചിക്കുന്നത്. ഇടംകയ്യൻ സ്പിന്നർ തന്നെയായ ഓൾറൗണ്ടർ ക്രുനാൽ പാണ്ഡ്യയുടെ പേരാണ് ചർച്ചകളിൽ നിറയുന്നത്. 2021ൽ ശ്രീലങ്കയ്ക്കെതിരെയുള്ള ട്വന്റി20 പരമ്പരയിലാണ് ക്രുനാൽ അവസാനമായി ഇന്ത്യയ്ക്കു വേണ്ടി കളിച്ചത്. അക്ഷർ പട്ടേലിന്റെ സമീപകാല പ്രകടനം, പ്രത്യേകിച്ച് ട്വന്റി20 ക്രിക്കറ്റിൽ പന്തുകൊണ്ടുള്ള പ്രകടനം വളരെ മങ്ങിയതായിരുന്നു. അയർലൻഡ്, ഇംഗ്ലണ്ട് എന്നിവർക്കെതിരെ ഇന്ത്യയ്ക്കായി കളിച്ച അവസാന ആറു ട്വന്റി20 മത്സരങ്ങളിൽനിന്ന് വെറും നാല് വിക്കറ്റുകൾ മാത്രമാണ് താരത്തിനു നേടാനായത്. സിംബാബ്വെയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽനിന്ന് ഒഴിവാക്കിയ താരത്തെ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ തിരിച്ചുവിളിക്കുമോ അതോ ക്രുനാൽ പാണ്ഡ്യയെ പരിഗണിക്കുമോ എന്നതിലാണ് ആകാംക്ഷ.
Auto ⏭️


