NEWS
പക്ഷാഘാതത്തിനു ചികിത്സ തേടിയ രോഗി കട്ടിലിൽ നിന്ന് വീണു മരിച്ചു; ചികിത്സയിൽ പിഴവെന്നും ബന്ധുക്കൾ

തിരുവനന്തപുരം ∙ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കട്ടിലില്‍നിന്നു വീണു പരുക്കേറ്റ രോഗി മരിച്ചു. പക്ഷാഘാതത്തിനു ചികിത്സ തേടിയ ചടയമംഗലം സ്വദേശി സുകുമാരപിള്ള (87) ആണ് മരിച്ചത്. 29നാണ് സുകുമാരപിള്ള കട്ടിലില്‍നിന്നു വീണു തലയ്ക്കു പരുക്കേറ്റത്. ഇന്നലെ സുകുമാരപിള്ള മരിച്ചു. കട്ടിലില്‍നിന്നു വീണു പരുക്കേറ്റതിനു ശേഷം ചികിത്സ നല്കുന്നതില് അധികൃതരുടെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായെന്ന് കുടുംബം ആരോപിച്ചു. ഐസിയുവിലേക്കു മാറ്റുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടായില്ലെന്നു സുകുമാരപിള്ളയുടെ മകള്‍ പ്രതികരിച്ചു. എന്നാല്‍ ചികിത്സയില്‍ പിഴവുണ്ടായെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് പറഞ്ഞു. രണ്ടു ബന്ധുക്കളെ ഒപ്പം നില്ക്കാന് അനുവദിച്ചിരുന്നുവെന്നും സൂപ്രണ്ട് അറിയിച്ചു. ഈ മാസം 26നാണ് പക്ഷാഘാതത്തെ തുടര്‍ന്നു സുകുമാരപിള്ളയെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് തിരുവനന്തപുരത്തേക്കു മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് കട്ടിലില്‍നിന്നു വീഴുന്ന സാഹചര്യമുണ്ടായത്.
Fashion ⏭️


