NEWS
സഹോദരന് രാഖി കെട്ടാനെത്തിയ പെൺകുട്ടി കുഴൽക്കിണറിൽ വീണു മരിച്ചു

കാൻപുർ∙ രക്ഷാബന്ധൻ ദിനത്തോട് അനുബന്ധിച്ച് സഹോദരന്റെ കയ്യിൽ രാഖി കെട്ടാനെത്തിയ പെൺകുട്ടി കുഴൽക്കിണറിൽ വീണു മരിച്ചു. 20 അടി താഴ്ചയുള്ള ഉപേക്ഷിക്കപ്പെട്ട കുഴൽക്കിണറിലാണ് 16 വയസ്സുള്ള പെൺകുട്ടി വീണത്. കാൻപുരിൽനിന്നു 35 കി.മീ അകലെയുള്ള പുർവാമിർ ഗ്രാമത്തിൽ ഇന്നു രാവിലെ 6.40 ഓടെയാണ് അപകടമുണ്ടായത്. തുടർന്ന് എൻഡിആർഎഫ് ഉൾപ്പടെയുള്ള സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. വീടിന്റെ മുറ്റത്ത് കുഴിച്ച കുഴൽക്കിണർ പണി പൂർത്തിയാക്കാതെ ഉപേക്ഷിച്ചിരിക്കുകയായിരുന്നു.അറുപതോളം പേരാണു പകൽ മുഴുവൻ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്. മണ്ണുമാന്തി എത്തിച്ചു പെൺകുട്ടി അകപ്പെട്ട കുഴൽക്കിണറിനു സമാന്തരമായി കുഴിയെടുക്കുകയാണു ചെയ്തത്. വെള്ളിയാഴ്ച ഉച്ചയോടെ ഏകദേശം 12 അടി കുഴിച്ചു രക്ഷാപ്രവർത്തനം മുന്നേറിയിരുന്നു. മണ്ണിടിയാൻ സാധ്യതയുള്ള പ്രദേശമായതിനാൽ ജാഗ്രതയോടെയാണു കുഴിയെടുത്തത്. മണിക്കൂറുകൾ നീണ്ടശ്രമങ്ങൾക്കു ശേഷം പെൺകുട്ടിയെ പുറത്തെടുത്തു സമീപത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. മൂന്ന് വർഷം മുൻപാണ് കുഴൽക്കിണർ കുഴിച്ചത്. എന്നാൽ 20 അടിയെത്തിയപ്പോൾ മണ്ണിടിയുന്നതിനാൽ ഉപേക്ഷിക്കുകയും മറ്റൊരു സ്ഥലത്ത് രണ്ടാമതും കുഴൽക്കിണർ കുഴിക്കുകയുമായിരുന്നു.
Fashion ⏭️


