LIFESTYLE

ഫ്രിഡ്ജിൽ ഐസ് കട്ടപിടിക്കുന്നതും വെള്ളം കെട്ടിക്കിടക്കുന്നതും തലവേദനയായോ? എളുപ്പത്തിൽ പരിഹരിക്കാം


പ്രതീകാത്മക ചിത്രം

ഫ്രിഡ്ജിലെ ഫ്രീസറിനുള്ളിൽ ഐസ് കുമിഞ്ഞ് കൂടിയതും പച്ചക്കറി സൂക്ഷിക്കുന്ന ട്രേയ്ക്ക് താഴെ വെള്ളം കെട്ടിക്കിടക്കുകയും ചെയ്യുന്നത് പല വീടുകളിലെയും ഒരു പ്രധാന പ്രശ്നമാണ്. ഫ്രീസറിലെ ഐസ് അലിയിക്കുവാനായി ഫ്രിഡ്ജിൽ തന്നെ ഓപ്ഷനുണ്ടെങ്കിലും അത് പലപ്പോഴും കാര്യമായി പ്രയോജനപ്പെടാറില്ല. ഇങ്ങനെ രൂപപ്പെടുന്ന ഐസ് കളയാൻ ചിലപ്പോൾ നമ്മൾ ഫ്രിഡ്ജ് അങ്ങ് ഓഫ് ചെയ്തുവയ്ക്കും. പക്ഷേ പിന്നീട് ഫ്രിഡ്ജ് വൃത്തിയാക്കി എടുക്കുന്നത് വലിയൊരു ടാസ്കാണ്.

ഫ്രിഡ്ജിലെ ഐസ് തെർമോസ്റ്രാറ്റ് കേടാകുമ്പോഴാണ് ഇത്തരത്തിൽ ഫ്രീസറിൽ ഐസ് കട്ടപിടിക്കുന്നത്. ഫ്രിഡ്ജിനുള്ളിൽ ആവശ്യത്തിന് തണുപ്പായി കഴിഞ്ഞാൽ ഈ തണുപ്പ് ഓട്ടോമാറ്റിക് ആയി കുറയ്ക്കുന്ന ഒന്നാണ് തെർമോസ്റ്രാറ്റ്. തെർമോസ്റ്റാറ്റ് ഫ്രിഡ്ജിന്റെ കംപ്രസറിനെ ഓട്ടോമാറ്റിക് ആയി ഓഫാക്കുന്നു. എന്നാൽ ഇത് കേടാകുമ്പോൾ ഫ്രിഡ്ജിൽ തണുപ്പ് കൂടുകയും ഐസ് കട്ടപിടിക്കുകയും ചെയ്യുന്നു. മാത്രമല്ല ഫ്രിഡ്ജിലെ ഫ്രീസർ ഡോർ പൊട്ടിയിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ഐസ് കട്ടപിടിക്കും. ഈ പ്രശ്നം എങ്ങനെ ഫലപ്രഥമായി പരിഹരിക്കാമെന്ന് നോക്കാം.

ഡോർ സീൽ പരിശോധിക്കുക

ഫ്രിഡ്ജിന്റെ ഡോറിലെ റബ്ബർ ഗാസ്കറ്റിലെ തകരാറുകൾ കാരണമാണ് പ്രധാനമായും ഈർപ്പമുണ്ടാകുന്നത്. ഒരു പേപ്പർ‌ കഷ്ണം ഡോറിനിടയിൽവച്ച് അടച്ച ശേഷം അത് പതുക്കെ പുറത്തേക്ക് വലിക്കുക. പേപ്പർ എളുപ്പത്തിൽ ഊരിപ്പോരുകയാണെങ്കിൽ ആ ഭാഗത്തെ സീൽ കൃത്യമല്ലെന്ന് മനസിലാക്കാം. റബ്ബർ ഗാസ്കറ്രിൽ അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്കുകൾ ചെറുചൂടുവെള്ളം ഉപയോഗിച്ച് തുടച്ചുമാറ്റുന്നത് സീൽ ശരിയായി പ്രവർത്തിക്കാർ സഹായിക്കും.

താപനില ക്രമീകരിക്കണം

ഫ്രിഡ്ജിലെ താപനില 35 ഡിഗ്രി മുതൽ 38 ഡിഗ്രി എഫ് വരെ ക്രമീകരിക്കുന്നതാണ് ഏറ്റവും അനുയോജ്യം. താപനില കൂടിയാൽ ഈർപ്പം കൂടാനും വെള്ളം കട്ടപിടിക്കാനും കാരണമാകും.

ഭക്ഷണസാധനങ്ങൾ കൃത്യമായി സൂക്ഷിക്കുക

പച്ചക്കറികളും മറ്റ് ഭക്ഷണസാധനങ്ങളും തുറന്നുവക്കുന്നത് ഫ്രിഡ്ജിലെ ഈർപ്പം വർദ്ധിപ്പിക്കുന്നു. അതിനാൽ പച്ചക്കറികൾ കഴുകിയ ശേഷം നന്നായി തുടച്ച് മാത്രം ഫ്രിഡ്ജിൽ വയ്ക്കുക. മാത്രമല്ല എപ്പോഴും അടച്ചുറപ്പുള്ള പാത്രങ്ങളിൽ മാത്രം ഭക്ഷണം സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

വായു സഞ്ചാരം ഉറപ്പാക്കുക

ഫ്രിഡ്ജിൽ സാധനങ്ങൾ കുത്തിനിറച്ചുവയ്ക്കുന്നത് വായു സഞ്ചാരത്തിന് തടസമാകും. അതിനാൽ സാധനങ്ങൾക്കിടയിൽ കൃത്യമായ വായു സഞ്ചാരത്തിനുള്ള സ്ഥലം നൽകുന്നത് താപനില ഒരുപോലെ നിലനിർത്താൻ സഹായിക്കും.

ഡിഫ്രോസ്റ്ര് ഡ്രെയിൻ പരിശോധിക്കുക

ഫ്രിഡ്ജിലെ ഓട്ടോമാറ്രിക് ഡിഫ്രോസ്റ്റ് പ്രക്രിയയിലൂടെ ഉണ്ടാകുന്ന വെള്ളം പുറത്തേക്ക് കളയുന്ന ചെറിയ ഡ്രെയിനേജ് ദ്വാരം അടഞ്ഞുപോകുന്നത് വെള്ളം കെട്ടിക്കിടക്കാൻ കാരണമാകും. ഒരു വയറോ പൈപ്പ് ക്ലീനറോ ഉപയോഗിച്ച് ഈ തടസം മാറ്റണം.

നിരപ്പായ സ്ഥലത്ത് ഫ്രിഡ്ജ് വയ്ക്കണം

ഫ്രിഡ്ജ് നിരപ്പായ സ്ഥലത്തല്ല ഇരിക്കുന്നതെങ്കിൽ വെള്ളം ഡ്രെയിനേജ് പാനിലേക്ക് പോകാതെ ഉള്ളിൽ തന്നെ കെട്ടിക്കിടക്കും. അതിനാൽ എപ്പോഴും നിരപ്പായ സ്ഥലത്ത് മാത്രമെ ഫ്രിഡ്ജ് വയ്ക്കാൻ പാടുള്ളൂ. മുകളിൽ പറഞ്ഞ മാർഗങ്ങളിലൂടെ ഫ്രിഡ്ജിലെ ഈർപ്പം പൂർണമായും ഒഴിവാക്കി ഭക്ഷണസാധനങ്ങൾ കൂടുതൽ കാലം ഫ്രഷായി സൂക്ഷിക്കാൻ സാധിക്കും.


News ⏭️

Back to top button