SPORTS
കടുവകളെ പൂച്ചകളാക്കി ‘മൈറ്റി ഓസ്ട്രേലിയ’, രണ്ടാം ടെസ്റ്റിൽ രണ്ടു ദിവസം കൊണ്ട് കളി തീർത്തു; വമ്പൻ ജയം

മക്കായ് (ഓസ്ട്രേലിയ) ∙ ഒരു മത്സരത്തിൽ ഒന്നു അടിതെറ്റിയെന്ന് കരുതി ഓസ്ട്രേലിയൻ ടീമിനെ അങ്ങനെ വിലകുറച്ചു കാണരുത്. അങ്ങനെ ചെയ്‌താൽ അവസ്ഥ ദയനീയമായിരിക്കും, ബംഗ്ലദേശിന് സംഭവിച്ചതു പോലെ. ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ വെറും രണ്ടു ദിവസം കൊണ്ട് ബംഗ്ലദേശിനെ ചുരുട്ടികെട്ടിയാണ് മൈറ്റി ഓസ്ട്രേലിയ കടം വീട്ടിയത്. ഒരു ഇന്നിങ്സിനും 51 റൺസിനുമാണ് ഓസ്ട്രേലിയയുടെ വിജയം. സ്കോർ: ബംഗ്ലദേശ്– 65/10, 95/10, ഓസ്ടേലിയ 210/10. ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പര 1–1ന് സമനിലയിൽ അവസാനിച്ചു. ആദ്യ മത്സരത്തിൽ 9 വിക്കറ്റിനാണ് ബംഗ്ലദേശ് വിജയിച്ചത്.8ന് 165 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഓസ്‌ട്രേലിയ 210 റൺസിന് ഓൾഔട്ടാകുകയായിരുന്നു. അർധസെഞ്ചറി നേടിയ കാമറൂൺ ഗ്രീൻ (105 പന്തിൽ 67), സ്റ്റീവ് സ്മിത്ത് (74 പന്തിൽ 42) എന്നിവരുടെ ബാറ്റിങ്ങാണ് ഓസ്ട്രേലിയൻ സ്കോർ 200 കടത്തിയത്. ബംഗ്ലദേശിനായി ഷൊരിഫുൾ ഇസ്‌ലാം ഏഴു വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിങ്സിൽ ആറു വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കിന്റെയും മൂന്നു വിക്കറ്റെടുത്ത പാറ്റ് കമ്മിൻസിന്റെയും പേസാക്രമണത്തിലാണ് ബംഗ്ലദേശ് 65 റൺസിന് പുറത്തായത്.
Auto ⏭️


