SPORTS
തൃശൂർ ടൈറ്റൻസിനെ വീഴ്ത്തി ആലപ്പിക്ക് തുടർച്ചയായ രണ്ടാം ജയം; മുഹമ്മദ് അസ്ഹറുദ്ദീന് അർധസെഞ്ചറി

തിരുവനന്തപുരം ∙ കെസിഎലിൽ വിജയക്കുതിപ്പു തുടർന്ന് ആലപ്പി റിപ്പിൾസ്. ഇന്നലെ തൃശൂർ ടൈറ്റൻസിനെതിരായ മത്സരത്തിൽ വിജെഡി മഴനിയമപ്രകാരം 10 റൺസിനായിരുന്നു ആലപ്പിയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ആലപ്പി, മുഹമ്മദ് അസ്ഹറുദ്ദീൻ (41 പന്തിൽ 73), സച്ചിൻ ബേബി (28 പന്തിൽ 41) എന്നിവരുടെ കരുത്തിൽ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിടെ മഴമൂലം കളി തടസ്സപ്പെട്ടതോടെ തൃശൂരിന്റെ വിജയലക്ഷ്യം 15 ഓവറിൽ 148 റൺസായി പുനർനിശ്ചയിച്ചു. എന്നാൽ തൃശൂരിന് 15 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് നേടാനേ സാധിച്ചുള്ളൂ.ടി.കെ.അക്ഷയ് ഒരു റണ്ണുമായി മടങ്ങിയെങ്കിലും, അസ്ഹറുദ്ദീന് കൂട്ടായി കെ.എ. അരുൺ എത്തിയതോടെ സ്കോർ ബോർഡ് അതിവേഗം മുന്നോട്ടു നീങ്ങി. 25 റൺസെടുത്ത അരുൺ, എം.എസ്. അഖിലിന് വിക്കറ്റ് നൽകി മടങ്ങി. മറുവശത്ത് തകർത്തടിച്ച അസ്ഹറുദ്ദീൻ 30 പന്തുകളിൽ നിന്ന് അർദ്ധ സെഞ്ചുറി പൂർത്തിയാക്കി. 41 പന്തുകളിൽ 73 റൺസെടുത്ത അസ്ഹറുദ്ദീൻ ആദിത്യ വിനോദിന്റെ പന്തിൽ മൊഹമ്മദ് ഇനാൻ ക്യാച്ചെടുത്താണ് പുറത്തായത്. മൂന്ന് ഫോറും ആറ് സിക്സറും അടങ്ങുന്നതായിരുന്നു അസ്ഹറുദ്ദീന്റെ ഇന്നിങ്സ്. 16 റൺസെടുത്ത അഭിജിത് പ്രവീണിന്റെയും 12 റൺസെടുത്ത സിബിൻ ഗിരീഷിന്റെയും പ്രകടനമാണ് ആലപ്പിയുടെ സ്കോർ 193ൽ എത്തിച്ചത്. തൃശൂരിനു വേണ്ടി ആനന്ദ് ജോസഫും എം.എസ്. അഖിലും ആദിത്യ വിനോദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.ഇതിനിടെ വില്ലനായി മഴയെത്തിയതോടെ തൃശൂരിന്റെ വിജയലക്ഷ്യം വിജെഡി നിയമപ്രകാരം 15 ഓവറിൽ 148 റൺസായി പുതുക്കി നിശ്ചയിച്ചു. ഷോൺ റോജറും ക്യാപ്റ്റൻ എം.എസ്. അഖിലും കൂറ്റൻ സിക്സറുകളുമായി തൃശൂർ ആരാധകർക്ക് പ്രതീക്ഷ നൽകിയെങ്കിലും അധികനേരം ആയുസ്സുണ്ടായില്ല. ഷോൺ റോജർ 28ഉം അഖിൽ 15 റൺസുമായി മടങ്ങി. അവസാന ഓവറുകളിൽ കൗമാരതാരം മുഹമ്മദ് ഇനാൻ തകർത്തടിച്ചെങ്കിലും വിജയത്തിന് പത്ത് റൺസകലെ തൃശൂർ പൊരുതി വീണു. ഇനാൻ ഒൻപത് പന്തുകളിൽ രണ്ട് ഫോറും രണ്ട് സിക്സുമടക്കം 25 റൺസുമായി പുറത്താകാതെ നിന്നു. ആലപ്പിയ്ക്ക് വേണ്ടി ജലജ് സക്സേനയും അഭിജിത് പ്രവീണും അഖിൽദേവും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
Auto ⏭️


