NEWS
പിണറായിക്കെതിരെ നീങ്ങാൻ സിപിഐ, സമ്മർദത്തിനു വഴങ്ങേണ്ടെന്ന് സിപിഎം; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ എൽഡിഎഫ് ഉലയുന്നു

തിരുവനന്തപുരം ∙ പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവന കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരിക്കുകയാണ് സിപിഐ. സിപിഎം കേന്ദ്രനേതൃത്വവുമായി ജനറൽ സെക്രട്ടറി ഡി.രാജ വീണ്ടും സംസാരിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം. ഉഭയകക്ഷി ചർച്ച നടക്കുന്നതിനിടെ സിപിഐയുടെ ആവശ്യം പരസ്യമായി തള്ളിയത് സിപിഐക്ക് അഭിമാനപ്രശ്നമായി മാറിയിരിക്കുന്നു.അതേസമയം, സിപിഐയുടെ സമ്മർദങ്ങൾക്കു തടയിടാനുള്ള സമയമായിരിക്കുന്നുവെന്ന വിലയിരുത്തലിലാണ് സിപിഎം. സിപിഐയുമായി ഇക്കാര്യത്തിൽ ചർച്ചയുടെ ആവശ്യം തന്നെയില്ലെന്ന നിലപാടാണ് പ്രതിപക്ഷ നേതാവിന്റേത്. നേരത്തേ ഒരുതവണ അദ്ദേഹം ആ നിലപാട് വ്യക്തമാക്കിയതാണ്. അതിനുശേഷവും ചർച്ച നടന്നു. ഇപ്പോഴും ചർച്ച തുടരുകയാണെന്ന സമീപനമാണ് സിപിഐക്ക്. അതിനിടെ, ഉപനേതാവായി സ്വന്തം പാർട്ടിക്കാരനെ നിർദേശിച്ച് വേണമെങ്കിൽ സ്പീക്കർക്ക് കത്തുകൊടുക്കുമെന്ന പിണറായിയുടെ പ്രസ്താവന അവരെ ഞെട്ടിച്ചു.കിട്ടാവുന്ന അവസരങ്ങളിലെല്ലാം പാർട്ടിയെ കുത്താനും നോവിക്കാനും ശ്രമിക്കുന്ന സിപിഐയോട് ഇനി അനുനയം ആവശ്യമില്ലെന്ന സിപിഎമ്മിലെ പ്രബല വികാരമാണ് പിണറായിയുടെ വാക്കുകളിലൂടെ പുറത്തുവന്നത്. തിരഞ്ഞെടുപ്പ് തിരിച്ചടിക്കുശേഷം ഇങ്ങനെ ഒരു പ്രശ്നം സൃഷ്ടിച്ചതും കമ്മിറ്റികൾക്കുള്ളിൽ സിപിഎമ്മിനെതിരെ നിരന്തരം ചർച്ച നടത്തുന്നതും അതിൽ പലതും പുറത്തു വാർത്തയാകുന്നതും സിപിഐ സെക്രട്ടറിതന്നെ നോവിച്ചു സംസാരിക്കുന്നതും നിഷ്കളങ്കമായി സിപിഎം കരുതുന്നില്ല.
Fashion ⏭️


