BUSINESS

സ്വർണപ്പണയത്തിലേക്ക് ‘ടാറ്റ, ബിർള’ എൻട്രി; തീപാറും പോരാട്ടം കേരളക്കമ്പനികളുമായി, കടുപ്പിക്കാൻ മറ്റൊരു വമ്പനും


അനുദിനം വളരുന്ന സ്വർണപ്പണയ വായ്പാവിതരണ മേഖലയിലേക്ക് ടാറ്റയ്ക്ക് പിന്നാലെ കോർപറേറ്റ് രംഗത്തുനിന്ന് ആദിത്യ ബിർളയും ചുവടുവയ്ക്കുന്നു. ആദിത്യ ബിർള ക്യാപിറ്റലാണ് ഗോൾഡ് ലോൺ വിതരണത്തിലേക്ക് കടക്കുന്നത്. അടുത്ത മൂന്നു വർഷത്തിനകം രാജ്യത്ത് 1000 ശാഖകൾ തുറക്കാനും കമ്പനി ലക്ഷ്യമിടുന്നു.ഇറാൻ-യുഎസ് യുദ്ധത്തെ തുടർന്ന് സുരക്ഷിത നിക്ഷേപമെന്ന പെരുമ ലഭിച്ച സ്വർണം നിലവിൽ‌ വൻ വിലക്കുതിപ്പാണ് നടത്തുന്നത്. ഇത് ഇന്ത്യയിൽ സ്വർണപ്പണയ വായ്പകൾക്കുള്ള ഡിമാൻഡ് കൂടാനും ഇടയാക്കിയിട്ടുണ്ട്. വില വർധന സ്വർണപ്പണയ വിപണിക്ക് വലിയ വളർച്ചാസാധ്യത മുന്നോട്ടുവയ്ക്കുന്ന അവസരത്തിലാണ് ആദിത്യ ബിർല ഗ്രൂപ്പിന്റെയും ചുവടുവയ്പ്പ്.തൃശൂർ ആസ്ഥാനമായ യോഗക്ഷേമ ലോൺസിനെ (യോഗലോൺ) ഏറ്റെടുത്ത് ടാറ്റ ക്യാപ്പിറ്റൽസ് ഗോൾഡ് ലോൺ വിപണിയിൽ പ്രവേശിച്ചിരുന്നു.  കേരളത്തിലെ ഒരു ധനകാര്യ സ്ഥാപനത്തെ ആദ്യമായാണ് ടാറ്റ ക്യാപ്പിറ്റൽ ഏറ്റെടുത്തത്.  ടാറ്റ ക്യാപ്പിറ്റലിന് ഇന്ത്യയിലെ 27 സംസ്ഥാനങ്ങളിലായിട്ടുള്ള 1477 ശാഖകളുടെ ഭാഗമാകും യോഗക്ഷേമം ലോൺസിന്റെ ശാഖകളും.മറ്റൊരു കോർപ്പറേറ്റ് വമ്പനായ ഗോദ്റെജ് ഗ്രൂപ്പിന് കീഴിലെ ധനകാര്യസ്ഥാപനമായ ഗോദ്റെജ് ക്യാപിറ്റലും സ്വർണപ്പണയ വിപണിയിലേക്ക് കടന്നുകഴിഞ്ഞു. കനകദുർഗ ഫിനാൻസ് എന്ന സ്വർണപ്പണയ കമ്പനിയെയാണ് ഗോദ്റെജ് ക്യാപിറ്റലിന്റെ ഉപസ്ഥാപനമായ ഗോദ്റെജ് ഫിനാൻസ് ഏറ്റെടുത്തത്.നിലവിൽ കേരളക്കമ്പനികളായ മുത്തൂറ്റ് ഫിനാൻസും മണപ്പുറം ഫിനാൻസുമാണ് ഇന്ത്യയിലെ ഏറ്റവും വമ്പൻ സ്വർണപ്പണയ വായ്പാക്കമ്പനികൾ. ഈ രംഗത്തെ മറ്റു കമ്പനികളെ അപേക്ഷിച്ച് ഈ രണ്ട് കേരളക്കമ്പനികൾ ബഹുദൂരം മുന്നിലുമാണ്. ഗോൾഡ് ലോണിനെ മികച്ച വളർച്ചാസാധ്യതയുള്ള മേഖലയായി കോർപറേറ്റുകളും ആഗോള നിക്ഷേപക സ്ഥാപനങ്ങളും കാണുന്നുണ്ട്. അടുത്ത കാലത്താണ് പോൾ മെർച്ചന്റ്‌സിന്റെയും ഇൻക്രെഡ് ഫിനാൻസ് ട്രൂ ക്യാപ് ഫൈനാൻസിന്റെയും സ്വർണ വായ്പ ബിസിനസ് എൽ ആൻഡ് ടി ഫിനാൻസ് ഏറ്റെടുത്തത്. സ്വർണപ്പണയ മേഖലയിലെ അതിവേഗ വളർച്ച കണ്ട് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ബെയ്ൻ ക്യാപ്പിറ്റൽ മണപ്പുറം ഫിനാൻസിൽ അവരുടെ ഓഹരി പങ്കാളിത്തം 41.7 ശതമാനത്തിലേക്ക് ഉയർത്തിയതും സമീപകാലത്താണ്. പല വലിയ കമ്പനികളും അവരുടെ നിലവിലെ സ്വർണ വായ്പ ബിസിനസ് വലിയ തോതിൽ വികസിപ്പിക്കുകയുമാണ്.


Travel ⏭️

Back to top button