NEWS

വായ്പ നിഷേധിച്ചു മെഡി. സ്റ്റോർ ഉടമ ബാങ്കിനു മുന്നിൽ ജീവനൊടുക്കി

തിരുവനന്തപുരം: വായ്പ നിഷേധിച്ചതിനെ തുടർന്ന് മെഡിക്കൽ സ്റ്റോർ ഉടമ ബാങ്കിനു മുന്നിൽ ജീവനൊടുക്കി. ആര്യനാട്, മഠത്തുനട ശ്രീനിലയത്തിൽ വി.എസ്. മനുവാണ് (57) പേരൂർക്കട- കുടപ്പനക്കുന്ന് റോഡിലെ യൂക്കോ ബാങ്ക് കുടപ്പനക്കുന്ന് ബ്രാഞ്ച് ഓഫീസിനു മുന്നിൽ തൂങ്ങി മരിച്ചത്. കെട്ടിടത്തിലെ സ്റ്റെയർകേസിന്റെ മദ്ധ്യഭാഗത്ത് കൈവരിയിലെ ഗ്രില്ലിൽ തൂങ്ങിയ നിലയിലായിരുന്നു. ഇന്നലെ പുലർച്ചെ ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമയാണ് മൃതദേഹം കണ്ടത്.

വട്ടപ്പാറ വിശ്വാസ് കമ്മ്യൂണിറ്റി മെഡിക്കൽ ഷോപ്പ് ഉടമയും എസ്.എൻ.ഡി.പി യോഗം ആര്യനാട് ശാഖ മുൻ ഭാരവാഹിയുമാണ് മനു. കേന്ദ്ര സർക്കാരിന്റെ എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റി സ്കീം പ്രകാരം വായ്പയ്ക്കായി മനു അപേക്ഷിച്ചിരുന്നു. എന്നാൽ, മറ്റൊരു ബാങ്കിൽ നിന്ന് എടുത്തിട്ടുള്ള 40,​000 രൂപയുടെ കാർഷിക വായ്പ അടയ്ക്കാൻ ബാക്കിയുണ്ടെന്ന് പറഞ്ഞ് ബാങ്ക് മാനേജർ അപേക്ഷ നിരസിച്ചു. വായ്പയ്ക്ക് അപേക്ഷ നൽകി 60 ദിവസം കഴിഞ്ഞായിരുന്നു ഇത്. ഇതിനെതിരെ ബാങ്ക് സോണൽ മാനേജർക്ക് ഇക്കഴിഞ്ഞ 17ന് മനു പരാതി നൽകി.

എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റി സ്കീം പ്രകാരം എം.എസ്.എം.ഇ സംരംഭങ്ങൾക്ക് വായ്പ നിഷേധിക്കുന്നത് റിസർവ് ബാങ്ക് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും രണ്ട് ദിവസത്തിനുള്ളിൽ വായ്പ അനുവദിക്കുകയോ നിരസിക്കുകയോ ചെയ്തുകൊണ്ടുള്ള കത്ത് രേഖാമൂലം നൽകണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നൽകിയത്. എന്നാൽ, ഇതിലും തീരുമാനമുണ്ടായില്ല.

വായ്പ നൽകാമെന്ന് പറഞ്ഞ് മനുവിനെ പലതവണ നടത്തിച്ചുവെന്നും പിന്നീട് അപേക്ഷ നിരസിക്കുകയായിരുന്നെന്നും ബന്ധുക്കൾ ആരോപിച്ചു. മനുവിന് ഒന്നിലധികം മെഡിക്കൽ സ്റ്റോറുകളുണ്ടായിരുന്നുവെന്നും കടബാദ്ധ്യത മൂലം ഇവയെല്ലാം വിറ്റെന്നും സുഹൃത്തുക്കൾ പറഞ്ഞു.

ഭാര്യയുമായി വേർപിരിഞ്ഞു കഴിയുന്ന മനു കുറച്ചുനാളായി സ്വന്തം വീട്ടിലും സഹോദരിയുടെ വീട്ടിലുമായിട്ടായിരുന്നു താമസം. പരേതരായ വാമദേവൻ, സരള ദമ്പതികളുടെ മകനാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സഹോദരിയുടെ പട്ടത്തുള്ള വീട്ടിൽ കൊണ്ടുവന്നു. സംസ്കാരം ഇന്ന്. മകൻ: ആദിത്യൻ. പേരൂർക്കട പൊലീസ് കേസെടുത്തു.

Read News ⏭️

Back to top button