NEWS

മഴക്കെടുതിയിൽ മുങ്ങി യുഎസ്: ഹവായിയിൽ വൈദ്യുതി നിലച്ചു, ഇന്ത്യാനയിൽ പ്രളയത്തിൽ വ്യാപക നാശനഷ്ടം


കലിഫോർണിയ∙ അമേരിക്കയുടെ പസഫിക് ദ്വീപ് സമൂഹമായ ഹവായിയിലും മിഡ്‌വെസ്റ്റ് മേഖലകളിലും പ്രകൃതിക്ഷോഭം കനത്ത നാശം വിതയ്ക്കുന്നു. പസഫിക്കിൽ രൂപംകൊണ്ട ‘ലാല’ ഉഷ്ണമേഖലാ ചുഴലിക്കാറ്റ് കനത്ത പേമാരിയോടും കാറ്റോടും കൂടി ഹവായിയെ പിടിച്ചുകുലുക്കിയപ്പോൾ, ദിവസങ്ങളായി തുടരുന്ന അതിശക്തമായ മഴയെത്തുടർന്ന് ഇന്ത്യാന ഉൾപ്പെടെയുള്ള മിഡ്‌വെസ്റ്റ് സംസ്ഥാനങ്ങളിൽ മിന്നൽപ്രളയം നാശം വിതയ്ക്കുകയാണ്. ഇന്ത്യാനയിലുണ്ടായ പ്രളയക്കെടുതികളിൽ നാല് വയസ്സുള്ള കുട്ടിയടക്കം കുറഞ്ഞത് ആറുപേർ മരിച്ചതായി ദുരന്തനിവാരണ വിഭാഗം സ്ഥിരീകരിച്ചു.‘ലാല’ ചുഴലിക്കാറ്റ് ഹവായിയോട് അടുത്തതോടെ ദ്വീപിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായി. മണിക്കൂറുകളോളം പെയ്ത തോരാമഴയിലും കാറ്റിലും റോഡുകളിലേക്ക് മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി വിതരണ ശൃംഖലകൾ പൂർണമായും തകരുകയും ചെയ്തു. ലക്ഷക്കണക്കിന് വീടുകളും വ്യവസായ സ്ഥാപനങ്ങളുമാണ് നിലവിൽ വൈദ്യുതിയില്ലാതെ ഇരുട്ടിലായിരിക്കുന്നത്. ദുർഘടമായ ഭൂപ്രകൃതി കാരണം തകരാറിലായ വൈദ്യുതി ലൈനുകൾ പുനഃസ്ഥാപിക്കാൻ ആഴ്ചകളോളം വേണ്ടിവരുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. പലയിടങ്ങളിലും വീടുകളിലേക്ക് വെള്ളം കയറിയതിനെത്തുടർന്ന് ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.(Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് weather.gov എന്ന വെബ്സൈറ്റിൽ നിന്ന്)


Fashion ⏭️

Back to top button