NEWS

ശബരിമല സ്വർണക്കൊള്ള: പ്രശാന്തിനും അജികുമാറിനുമെതിരെ തെളിവുകൾ നിരത്തി പ്രോസിക്യൂഷൻ

കൊല്ലം: ശബരിമല ദ്വാരപാലകശില്പത്തിലെ സ്വർണം അപഹരിച്ച കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ബോർഡ് മുൻ അംഗം എ.അജികുമാർ എന്നിവർക്കെതിരായ തെളിവുകൾ നിരത്തി പ്രോസിക്യൂഷൻ.
ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിന് സ്വർണം പൂശാനുള്ള അനുമതി നൽകാൻ തീരുമാനമെടുത്ത ദിവസം പ്രശാന്ത് ഉൾപ്പടെയുള്ളവരുമായി കേസിലെ ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി ഫോണിൽ സംസാരിച്ചിരുന്നതായി പ്രോസിക്യൂഷൻ വാദിച്ചു. കോൾ‌ ഡീറ്റെയിൽ റിപ്പോർട്ടും (സി.ഡി.ആർ) സമർപ്പിച്ചു. ബോർഡ് യോഗത്തിന് മുമ്പ് ഇവർ പോറ്റി ഉൾപ്പടെയുള്ളവരുമായി വാട്സാപ്പിൽ ബന്ധപ്പെട്ടതിൻ്റേയും അജികുമാറും പോറ്റിയും കണ്ടതിൻ്റേയും തെളിവും നൽകിയിട്ടുണ്ട്. അജികുമാറിന്റെ ശുപാർശയിൽ പോറ്റിയുടെ നേതൃത്വത്തിൽ രണ്ടുപേർക്കായി വീട് നിർമ്മിച്ചു. വീടുകളുടെ താക്കോൽദാനത്തിൽ അജികുമാറും പോറ്റിയും പങ്കെടുത്തിരുന്നു. സ്മാർട്ട് ക്രിയേഷൻസിലേക്ക് സ്വർണപ്പാളികൾ കൊണ്ടുപോകാനുളള അനുമതിയ്ക്ക് മറ്റൊരാളുടെ

ഇ-മെയിലിൽ നിന്നാണ് പോറ്റി ബോർഡിന് അപേക്ഷ നൽകിയത്. അതും അനുമതി നൽകാനുള്ള തീരുമാനമെടുക്കുന്നതിന്റെ അടുത്ത ദിവസങ്ങളിലുമാണ്.
സ്വർണം പൂശാനായി ദ്വാരപാലക ശില്പപാളികൾ ഏറ്റെടുത്തതുമായുളള വ്യാജകരാർ നിർമ്മിച്ചതിലും ഇരുവരും പങ്കാളികളാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. രണ്ടുപേരുടെയും ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതിയിലെ വാദത്തിനിടെയാണ് പ്രോസിക്യൂട്ടർ സിജു രാജൻ പ്രതികൾക്കെതിരായ തെളിവുകൾ നിരത്തിയത്.

രാഷ്ട്രീയപ്രേരിതമായാണ് കേസിൽ പെടുത്തിയതെന്നും ഇരുവർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും പ്രതിഭാഗം

അഭിഭാഷകരായ ബി.രാമൻപിള്ള, ഓച്ചിറ അനിൽകുമാർ, സി.ഡി.അനിൽ എന്നിവർ വാദിച്ചു. ഇന്നും വാദം തുടരും.

Read News ⏭️

Back to top button