BUSINESS
ഉത്സവകാലത്തും അമിതനിരക്ക്; ചട്ടം പാലിക്കാത്ത കമ്പനികളുടെ പ്രവർത്തനം മരവിപ്പിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി ∙ വിമാനടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പാലിക്കാൻ ബുദ്ധിമുട്ടുള്ള കമ്പനികളുണ്ടെങ്കിൽ അവയുടെ പ്രവർത്തനം മരവിപ്പിക്കണമെന്നു സുപ്രീം കോടതി. വിമാനനിരക്ക് നിയന്ത്രിക്കുന്നതിനുള്ള പുതിയ ചട്ടങ്ങൾ മൂന്നാഴ്ചയ്ക്കകം അന്തിമമാക്കുമെന്നു കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.ഭാരതീയ വായുയാൻ അധിനിയമത്തിനു വേണ്ടിയുള്ള ചട്ടങ്ങൾ വേഗത്തിൽ തയാറാക്കി വരികയാണെന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം കോടതിയെ അറിയിച്ചു. കരടുചട്ടങ്ങൾ രഹസ്യരേഖയായി കോടതിയിൽ നൽകി. ഇത് 7 ദിവസത്തിനകം പ്രസിദ്ധീകരിക്കണമെന്നു ജഡ്ജിമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.വിമാനനിരക്കിലെ അനിയന്ത്രിത മാറ്റങ്ങൾ നിയന്ത്രിക്കാൻ സ്വതന്ത്രവും ശക്തവുമായ സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ എസ്. ലക്ഷ്മി നാരായൺ ആണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. വിമാനക്കൂലി നിയന്ത്രിക്കാൻ നിലവിൽ ഫലപ്രദമായ സംവിധാനം ഇല്ലെന്നും ഉത്സവകാലങ്ങളിലും മറ്റും യാത്രക്കാരിൽനിന്ന് അമിത നിരക്ക് ഈടാക്കുന്നുവെന്നും ഹർജിക്കാരൻ വാദിച്ചു. നിയമം പ്രാബല്യത്തിൽ വന്നെങ്കിലും ചട്ടം വൈകുന്നതിൽ കോടതി നേരത്തേയും നീരസം അറിയിച്ചിരുന്നു. ഹർജി 7നു വീണ്ടും പരിഗണിക്കും.
Travel ⏭️


