NEWS
നിയമസഭാ കയ്യാങ്കളിക്കേസ്: സിപിഎമ്മിന് തിരിച്ചടി; യുഡിഎഫ് എംഎൽഎമാർ കുറ്റവിമുക്തർ

കൊച്ചി ∙ നിയമസഭാ കയ്യാങ്കളി കേസിൽ മുൻ എംഎൽഎ എ.ടി.ജോർജിനെയും ഹൈക്കോടതി കുറ്റവിമുക്തനാക്കി. ഇതോടെ 4 യുഡിഎഫ് എംഎൽഎമാരും കേസിൽ നിന്ന് കുറ്റവിമുക്തരായി. 2015 മാർച്ച് 13ന് അന്നത്തെ ധനകാര്യമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ എൽഡിഎഫ് എംഎഎൽമാർ നടത്തിയ പ്രതിഷേധവും തുടർന്നുണ്ടായ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസിലാണ് നിർണായക വിധി. ജസ്റ്റിസ് സി.എസ്.ഡയസിന്റെ ബെഞ്ചാണ് എ.ടി.ജോർജിനെ കുറ്റവിമുക്തനാക്കിയത്. ഇതോടെ, യുഡിഎഫ് എംഎൽഎമാർക്കെതിരെയുള്ള കേസിന്റെ വിചാരണയ്ക്കൊപ്പം തങ്ങളുടെ കേസും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം എംഎൽഎമാർ നൽകിയ ഹർജിക്ക് നിലനിൽപ്പില്ലാതായി. സഭയ്ക്കുള്ളിൽ ഇടത് വനിതാ എംഎഎൽമാരെ അപമാനിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തുവെന്നാരോപിച്ച് റജിസ്റ്റർ ചെയ്തിരുന്ന കേസിൽ യുഡിഎഫ് മുൻ എംഎഎൽമാരായ കെ.ശിവദാസൻ നായർ, എം.എ.വാഹിദ്, ഡൊമിനിക് പ്രസന്റേഷൻ എന്നിവരെ 2024ൽ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. എ.ടി.ജോർജ് കൂടി കുറ്റവിമുക്തനായതോടെ യുഡിഎഫ് നേതാക്കൾക്കെതിരായ കേസുകൾ പൂർണമായും റദ്ദായി.സുപ്രീം കോടതി വിധിയിലൂടെ എൽഡിഎഫ് നേതാക്കൾ വിചാരണ നേരിടേണ്ട സാഹചര്യമുണ്ടായതിന് ശേഷമാണ് എൽഡിഎഫ് എംഎഎൽമാർ യുഡിഎഫ് നേതാക്കൾക്കെതിരെ പരാതിയുമായി മുന്നോട്ടുവന്നത്. 2023ൽ ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തി കേസ് എടുത്തു. എൽഡിഎഫ് നേതാക്കൾക്കെതിരായ കേസിനെ പ്രതിരോധിക്കാനുള്ള ശ്രമമായി ഇത് വിമർശിക്കപ്പെട്ടു. 2024ൽ മൂന്ന് നേതാക്കളെയും ഇപ്പോൾ എ.ടി.ജോർജിനെയും കുറ്റവിമുക്തരാക്കിക്കൊണ്ട് കേസ് നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ ഈ വിഷയത്തില്‍ എൽഡിഎഫ് നേതാക്കൾ മാത്രം വിചാരണ നേരിടേണ്ടി വരും.
Fashion ⏭️


