NEWS
പൂഞ്ഞാറിൽ നാലരക്കോടിയുടെ ഫണ്ട് തട്ടിപ്പ്; ബിജെപിയെ വെട്ടിലാക്കി പി.സി. ജോര്‍ജിന്റെ മുൻ പ്രസംഗം; വിവാദമായതോടെ മലക്കംമറിച്ചിൽ

ഈരാറ്റുപേട്ട (കോട്ടയം) ∙ പൂഞ്ഞാർ എൻഡിഎ സ്ഥാനാർഥിയായിരുന്ന പി.സി.ജോർജ്, ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചെന്നാരോപിച്ചു മുൻപു നടത്തിയ പ്രസംഗം പുറത്തുവന്നതോടെ പുതിയ വിവാദം. മാസങ്ങൾക്കു മുൻപ് എരുമേലിയിലെ ബിജെപി യോഗത്തിൽ പി.ജി.ജോർജ് പ്രസംഗിച്ചത്: ‘നാലരക്കോടി രൂപ പാർട്ടി ഈ തിരഞ്ഞെടുപ്പിൽ ചെലവഴിച്ചിട്ടുണ്ട്. അത് എത്ര പേർക്ക് അറിയാം? നിങ്ങളിൽ ആരൊക്കെ അതിന്റെ വീതം പറ്റിയിട്ടുണ്ടെന്ന് എനിക്ക് അറിയില്ല. അതു നിങ്ങൾ സ്വയം ചിന്തിക്കണം. ഞാൻ അതിൽ ഒരു രൂപ പോലും തൊട്ടില്ല. ഒരു ബൂത്തിൽ 31,000 രൂപ കൊടുക്കാൻ ശക്തമായ നിർദേശം ഉണ്ടായിരുന്നു. എന്നിട്ട് ആ പണം എവിടെ പോയി?’എന്നാൽ എരുമേലിയിൽ താൻ പറഞ്ഞതു തെറ്റിദ്ധാരണ മൂലമാണെന്നും അവരോടു മാപ്പു പറഞ്ഞു പ്രശ്നം അവസാനിപ്പിച്ചതാണെന്നുമാണു പഴയ പ്രസംഗത്തിന്റെ വിഡിയോ പുറത്തുവന്നശേഷം പി.സി.ജോർജ് പറഞ്ഞത്. വിവാദങ്ങളിൽപെട്ടു കിടക്കുന്ന ചില ചാനലുകൾ അവർക്കെതിരായ ആരോപണങ്ങൾ മറയ്‌ക്കാൻ തന്നെ കരുവാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർഥിക്കു ചെലവഴിക്കാനാകുന്ന തുക 40 ലക്ഷം മാത്രമാണ്. എന്നാൽ തനിക്ക് അത്ര ചെലവായിട്ടില്ല. ബിജെപി വിടുന്ന പ്രശ്‌നം ഇല്ലെന്നും ക്രിസ്ത്യൻ സമുദായം ഒറ്റക്കെട്ടായി യുഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതാണു തന്റെ തോൽവിക്കു കാരണമായതെന്നും ജോർജ് പറഞ്ഞു.
Fashion ⏭️


