SPORTS
പകരക്കാരനായി ടീമിലെത്തി, ഗില്ലിനു ശേഷം ഒരു മൂന്നാം നമ്പർ ബാറ്ററുടെ സെഞ്ചറി, മലയാളി താരത്തിന്റെ തകർപ്പൻ തിരിച്ചുവരവ്

ഗോൾ∙ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറി രണ്ടു വർഷത്തിനു ശേഷമാണ് ദേവ്ദത്ത് പടിക്കല്‍ ആദ്യ രാജ്യാന്തര സെഞ്ചറി നേടുന്നത്. നീണ്ട കാലയളവാണെങ്കിലും ഈ സമയത്തിനുള്ളിൽ പടിക്കൽ കളിച്ചത് ആകെ മൂന്നു മത്സരങ്ങൾ മാത്രമാണ്. 2024 മാര്‍ച്ചിൽ ഇംഗ്ലണ്ടിനെതിരെ ധരംശാലയിൽ അരങ്ങേറിയ മലയാളി താരം, 2024 നവംബറിൽ ഓസ്ട്രേലിയയ്ക്കെതിരെയും കളിക്കാനിറങ്ങി. മൂന്നാം അവസരത്തിൽ 134 പന്തുകളിൽനിന്നാണ് ആഭ്യന്തര ക്രിക്കറ്റിൽ കർണാടകയ്ക്കു വേണ്ടി കളിക്കുന്ന ദേവ്ദത്ത് സെഞ്ചറിയിലെത്തിയത്.ഗോളിലെ ഒന്നാം ദിനം ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ ബാക്ക് ഫൂട്ടിലും ഫ്രണ്ട് ഫൂട്ടിലും നിയന്ത്രണത്തോടെ കളിച്ച താരം, ഇടയ്ക്കിടെ പെയ്ത മഴയിലും കുലുങ്ങിയില്ല. തുടക്കത്തിൽ തന്നെ യശസ്വി ജയ്സ്വാളിനെ നഷ്ടപ്പെട്ട ശേഷം കെ.എൽ. രാഹുലുമായി ചേർന്ന് 150 റൺസിന്റെ കുട്ടുകെട്ട് കെട്ടിപ്പടുക്കാനും ദേവ്ദത്തിനു സാധിച്ചു. ഒരു സിക്സും ഒന്‍പതു ഫോറുകളുമാണ് ഗോളിൽ മലയാളി താരം സെഞ്ചറിയിലെത്തുന്നതിനായി ബൗണ്ടറി കടത്തിയത്. ആദ്യ ദിവസം കളി അവസാനിപ്പിച്ചപ്പോൾ 178 പന്തില്‍ 131 റൺസടിച്ചു പുറത്താകാതെ നിൽക്കുന്ന ദേവ്ദത്ത് രണ്ടാം ദിവസവും ശ്രീലങ്കൻ ബോളിങ് നിരയ്ക്കു വെല്ലുവിളിയായുണ്ടാകും.
Auto ⏭️


