BUSINESS
നായകനെ കാത്ത് ടാറ്റ ഗ്രൂപ്പ്; നരേന്ദ്രന് പുറമേ നോയൽ ടാറ്റയുടെ 32കാരൻ മകനും പരിഗണനയിൽ, ആർക്കു വീഴും നറുക്ക്?

കൊച്ചി ∙ 17 ലക്ഷം കോടി വാർഷിക വരുമാനമുള്ള ടാറ്റ സാമ്രാജ്യത്തെ എൻ.ചന്ദ്രശേഖരനു ശേഷം ആര് നയിക്കും എന്നതാണ് ഇന്ത്യൻ കോർപറേറ്റ് ലോകത്തിലെ ചൂടേറിയ ചർച്ച. പല പേരുകളും അന്തരീക്ഷത്തിൽ പറന്നുനിൽക്കുന്നുണ്ടെങ്കിലും ടാറ്റ ഗ്രൂപ്പ് ഒന്നും വിട്ടുപറയുന്നില്ല. ചന്ദ്രശേഖരന് പദവിയിൽ 6 മാസത്തെ കാലാവധിയുള്ളതിനാൽ തിരക്കിട്ട നീക്കങ്ങൾക്കു സാധ്യത കുറവാണ്. ടാറ്റ സ്റ്റീൽ ഗ്ലോബൽ മാനേജിങ് ഡയറക്ടറും മലയാളിയുമായ ടി.വി.നരേന്ദ്രൻ, ടാറ്റ സൺസ് ഗ്രൂപ്പ് കമ്പനികളുടെ സിഎഫ്ഒ സൗരഭ് അഗർവാൾ, ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ മാനേജിങ് ഡയറക്ടർ ശൈലേഷ് ചന്ദ്ര എന്നിവരിലൊരാളാകും പുതിയ ചെയർമാൻ എന്നാണ് അഭ്യൂഹം. എങ്കിലും, ടാറ്റ കെമിക്കൽസ് ലിമിറ്റഡിന്റെ രാമകൃഷ്ണൻ മുകുന്ദൻ, ടാറ്റ വറിന്റെ പ്രവീർ സിൻഹ എന്നീ സിഇഒമാരുടെയും പേരുകൾ കേൾക്കുന്നു. മറ്റൊരു അപ്രതീക്ഷിത പേര് ടാറ്റ കുടുംബത്തിൽ നിന്നുള്ള യുവതലമുറക്കാരന്റെയാണ് – നോയൽ ടാറ്റയുടെ മകൻ നെവിൽ ടാറ്റ. 32കാരൻ നെവിൽ നിലവിൽ ടാറ്റ ഗ്രൂപ്പിന്റെ ഫാഷൻ റീട്ടെയ്ൽ ബ്രാൻഡായ ട്രെന്റിലാണ് പ്രവർത്തിക്കുന്നത്. ‘സുഡിയോ’ ബ്രാൻഡിനെ വൻ വിജയത്തിലെത്തിച്ചതിൽ നെവിലിന്റെ പങ്ക് ശ്രദ്ധേയമാണ്. നോയലിന്റെ മകൾ മായ ടാറ്റയുടെ പേരും ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിച്ചേക്കാമെങ്കിലും സാധ്യത വിരളം. ടാറ്റ ഡിജിറ്റലിലാണ് മായ പ്രവർത്തിക്കുന്നത്. നരേന്ദ്രനും അഗർവാളിനും പ്രായം 61 ആണ്. 65 വയസ്സാണ് ടാറ്റയിലെ എക്സിക്യൂട്ടീവുകളുടെ പെൻഷൻ പ്രായം. അപ്പോൾ 61 വയസ്സുള്ളവരെ 5 വർഷം കാലാവധിയുള്ള ചെയർമാന്റെ സ്ഥാനത്തേക്ക് പരിഗണിക്കണോ എന്ന ചോദ്യം സ്വാഭാവികം. ടാറ്റയ്ക്ക് പുറത്തു നിന്നാകും ഇത്തവണത്തെ ടാറ്റ സൺസ് ചെയർമാൻ എന്ന് വിശ്വസിക്കുന്നവരുമുണ്ട്. 2011ൽ സൈറസ് മിസ്ത്രി ആ വഴിക്കാണ് ചെയർമാനായത്. അന്ന് ആഗോള കമ്പനികളിൽ നിന്നുൾപ്പെടെ 14 സിഇഒമാരെയാണ് ടാറ്റ സൺസ് അഭിമുഖത്തിന് വിളിച്ചത്. അന്ന് പറ്റിയതുപോലെ ഇത്തവണ അബദ്ധം പറ്റാൻ ടാറ്റ ഗ്രൂപ്പ് തയാറായേക്കില്ല. മിസ്ത്രിയും രത്തൻ ടാറ്റയും തമ്മിലുള്ള ഏറ്റുമുട്ടൽ പരസ്യമായിരുന്നു. ഭരണം നടത്താൻ ഒരു സിഇഒ, ഭരണത്തെ നിയന്ത്രിക്കാൻ ഒരു എക്സ് ഒഫീഷ്യോ ചെയർമാൻ എന്ന ഫോർമുലയ്ക്കും സാധ്യതയുണ്ട്. ഇപ്പോൾ സ്റ്റാറായി നിൽക്കുന്ന ഒരു ഗ്ലോബൽ സിഇഒയെ കൊണ്ടുവരിക. എക്സ് ഒഫിഷ്യോ ചെയർമാനായി ടാറ്റ ട്രസ്റ്റുകളിൽ നിന്ന് ഒരാൾ വരിക. അത് നോയൽ ടാറ്റ തന്നെ ആയിരിക്കാം. എയർ ഇന്ത്യയുടെ എടുത്താൽ പൊങ്ങാത്ത കടം, സെമികണ്ടക്ടർ പദ്ധതിയുടെ നഷ്‍ടം, ടാറ്റ സൺസിന്റെ ലിസ്റ്റിങ് എന്നീ പ്രശ്നങ്ങളാണ് പുതിയ ചെയർമാന്റെ തലവേദനകൾ.തച്ചാട്ട് വിശ്വനാഥമേനോൻ നരേന്ദ്രൻ
Travel ⏭️


