NEWS
മുണ്ടിൽ ഉലഞ്ഞ് രാജ്യസഭ: ബ്രിട്ടാസിനെ ലുങ്കിവാലയെന്ന് വിളിച്ച് ബിജെപി എംപി; മുണ്ടുടുത്തെത്തി പ്രതിപക്ഷം

ന്യൂഡൽഹി ∙ കേരളത്തിന്റെ പേര് ‘കേരളം’ എന്നാക്കാനുള്ള ബിൽ ചർച്ച ചെയ്ത ദിവസം തന്നെ മുണ്ടിന്റെ പേരിൽ രാജ്യസഭയിൽ ഏറ്റുമുട്ടൽ. സിപിഎം അംഗം ജോൺ ബ്രിട്ടാസിനെ ബിജെപി അംഗം സുഷ്മിത ദേവ് ‘ലുങ്കിവാല’യെന്നു വിളിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. കേരളത്തിൽ നിന്നുള്ള അംഗങ്ങൾ മാത്രമല്ല, പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ ഉൾപ്പെടെ മുണ്ടുടുത്തു സഭയിലെത്തി ബ്രിട്ടാസിനെ പിന്തുണച്ചു. സുഷ്മിതയെ താക്കീത് ചെയ്യണമെന്ന് ഡിഎംകെ, ആംആദ്മി പാർട്ടി തുടങ്ങി പ്രതിപക്ഷ നിരയിലെ അംഗങ്ങൾ ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം രാജ്യസഭയിൽ ചർച്ചയിൽ പങ്കെടുക്കാനായി ബ്രിട്ടാസ് എഴുന്നേറ്റപ്പോഴായിരുന്നു സുസ്മിതയുടെ വിവാദ പരാമർശം. ഇന്നലെ സഭാനടപടികൾ ആരംഭിച്ചപ്പോൾ തന്നെ സുഷ്മിത ദേവിനെതിരെ ജോൺ ബ്രിട്ടാസ് അവകാശ ലംഘന നോട്ടിസ് നൽകി. മുണ്ടുടുക്കുന്ന ദക്ഷിണേന്ത്യക്കാരെ അധിക്ഷേപിക്കാൻ ഉത്തരേന്ത്യക്കാർ ഉപയോഗിച്ചിരുന്ന പരാമർശമാണിതെന്നും ലുങ്കിവാലയെന്നു തുടരെ വിളിച്ച് സുഷ്മിത തന്നെ ശല്യപ്പെടുത്തിയെന്നും ബ്രിട്ടാസ് പറഞ്ഞു. രാഷ്ട്രീയമായ വിമർശനങ്ങളിൽ വിയോജിപ്പില്ല. എന്നാൽ ദേശത്തിന്റെ പേരിലും വസ്ത്രത്തിന്റെ പേരിലുമുള്ള അധിക്ഷേപം അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @JohnBrittas എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്)
Fashion ⏭️


