NEWS

രാജേഷിന്റെയും ജോണിന്റെയും വീടുകൾ സന്ദർശിച്ച് പിണറായി വിജയൻ; ദുരന്തസമയത്തെ സർക്കാർ ഇടപെടലിൽ വീഴ്‌ചയെന്ന് വിമർശനം

പിണറായി വിജയൻ വി ശിവൻകുട്ടി തുടങ്ങിയവർ കടലിൽ കാണാതായ ജോണിന്റെ മകളുമായി സംസാരിക്കുന്നു

തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ ബോട്ടുമറിഞ്ഞ്‌ കടലിൽ കാണാതായ വിഴിഞ്ഞം സ്വദേശി ജോണിന്റെ വീട് സന്ദർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ജോണിന്റെ മക്കളായ ജിജിയെയും ജിനിലിനെയും കണ്ടു സംസാരിക്കുകയും അവരുടെ ആവശ്യങ്ങൾ കേൾക്കുകയും ചെയ്‌തു. കുടുംബം ഉന്നയിച്ച കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും പിണറായി വിജയൻ ഉറപ്പുപറഞ്ഞു.

കണ്ണൂർ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച തിരുവനന്തപുരം കല്ലിയൂർ സ്വദേശി രാജേഷിന്റെ വീട്ടിലും പിണറായി വിജയനെത്തി. രാജേഷിന്റെ ഭാര്യയ്‌ക്ക് സർക്കാർ ജോലി നൽകണമെന്നും കുടുംബത്തിന്റെ കടംതീർക്കാൻ സർക്കാർ ഇടപെടണമെന്നും പിണറായി വിജയൻ പറഞ്ഞു.

‘രാജേഷിന്റെ കുടുംബം അനാഥമാകാൻ പാടില്ല. അദ്ദേഹത്തിന്റെ പൊതുപ്രവർത്തനത്തിന്റെ ഭാഗമായി എടുക്കേണ്ടിവന്ന ചില കടങ്ങളുണ്ട്. അത് തിരിച്ചടയ്‌ക്കുന്നതിനുള്ള സഹായം സർക്കാർ ചെയ്യേണ്ടതാണ്. രാജേഷിന്റെ ഭാര്യയ്‌ക്ക് ജോലി നൽകുന്ന കാര്യത്തിൽ അടിയന്തരമായി സർക്കാർ തീരുമാനമെടുക്കണം. രണ്ട് കുട്ടികളുടെ തുടർന്നുള്ള വിദ്യാഭ്യാസത്തിന് സർക്കാർ പിന്തുണ ഉറപ്പാക്കാനാകണം. എന്തു ചെയ്‌താലും അതൊന്നും രാജേഷിന്റെ കാര്യത്തിൽ അധികമാകില്ല’- പിണറായി വി‌ജയൻ പറഞ്ഞു.

ദുരന്തസമയത്ത് സംസ്ഥാനത്ത് കേന്ദ്രസഹായം ലഭിക്കാൻ ഇടപെട്ടെന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ വാദത്തിൽ സംസ്ഥാന സർക്കാരിനെയും അദ്ദേഹം വിമർശിച്ചു. തങ്ങൾക്കർഹതപ്പെട്ട കേന്ദ്രസഹായം ലഭിക്കുന്നതിനായി സംസ്ഥാനത്തെ ഒരു മന്ത്രി പാർട്ടി നേതാവിന്റെ സഹായം തേടിയത് വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.

‘എന്തിനാണ് ഒരു രാഷ്‌ട്രീയപാർട്ടിയുടെ നേതാവിനോട് കേരളത്തിലെ ഒരു മന്ത്രി അഭ്യർത്ഥിക്കുന്നത്. മന്ത്രി അഭ്യർത്ഥിക്കുകയെന്ന് പറയുമ്പോൾ മുഖ്യമന്ത്രിയുടെ നിർദേശമില്ലാതെ അങ്ങനെ ചെയ്യില്ലല്ലോ?. എന്തിനാണ് അങ്ങനെയൊരു നിലപാടെടുത്തതെന്ന് മനസിലാകുന്നില്ല. ഇവിടെ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് യഥാസമയം കഴിഞ്ഞില്ലെന്നതാണ് ഏറ്റവും വലിയ തകരാറ്. അതിന്റെ ഭാഗനമായുള്ള ഇടപെടലുകൾ ഉണ്ടായില്ല. ഗൗരവത്തിൽ കാണുന്ന അവസ്ഥയുണ്ടായില്ല’- പിണറായി കൂട്ടിച്ചേർത്തു.

Read News ⏭️

Back to top button