NEWS

 വിമാനം ആകാശച്ചുഴിയിൽ: പൈലറ്റ് ലഹരി ഉപയോഗിച്ചു

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ട സംഭവത്തിൽ പൈലറ്റുമാരിൽ ഒരാൾ ലഹരി മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി. പരിശോധനാ ഫലം സ്ഥിരീകരിച്ച വ്യോമയാന മന്ത്രാലയം കൂടുതൽ വിശകലനം അനിവാര്യമാണെന്ന് അറിയിച്ചു. അതേസമയം,പൈലറ്റുമാർക്ക് പ്രോട്ടോക്കോൾ പ്രകാരമുള്ള സ്ക്രീനിംഗ് ടെസ്റ്റ് നടത്തിയെന്നും പരിശോധനാ ഫലം തങ്ങളുമായി പങ്കുവച്ചിട്ടില്ലെന്നും എയർ ഇന്ത്യ രംഗത്തെത്തി. കഴിഞ്ഞ നാലിനാണ് തായ്‌ലാൻഡിലെ ഫുക്കെറ്റിൽ നിന്ന് 134 യാത്രക്കാരുമായി ഡൽഹിയിലേക്ക് പറന്ന വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 300 അടി താഴ്‌ചയിലേക്ക് പതിക്കുകയും യാത്രക്കാരടക്കം 12 പേർക്ക് പരിക്കേറ്റതും. തുടർന്ന് ഡ്യൂട്ടിയിൽ നിന്ന് മാറ്റിയ പൈലറ്റുമാരെ പതിവ് ഡോപ് പരിശോധനയ്ക്ക് (സൈക്കോ ആക്‌ടീവ് ലഹരിവസ്‌തുക്കളുടെ സാന്നിദ്ധ്യം അറിയാനുള്ള പരിശോധന) വിധേയനാക്കിയപ്പോഴാണ് ഫലം പോസിറ്റീവായത്. ലഹരി ഉപയോഗിച്ചോ എന്നുറപ്പിക്കാൻ രക്തസാമ്പിൾ വീണ്ടും പരിശോധനയ്‌ക്ക് അയച്ചു. നിലവിൽ എയർക്രാഫ്‌റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) വിഷയം അന്വേഷിക്കുന്നുണ്ട്.

സസ്പെൻഡ് ചെയ്യും

പൈലറ്റുമാരിൽ ലഹരിവസ്തുക്കളുടെ ഉപഭോഗം തെളിഞ്ഞാൽ ലഹരിവിമുക്ത ചികിത്സയ്‌ക്ക് വിധേയമാകണം. തുടർന്ന് ഡോപ് പരിശോധനയിൽ നെഗറ്റീവായാൽ ജോലിയിൽ തിരിച്ചെത്താം. വീണ്ടും ലഹരി ഉപയോഗിച്ചതായി തെളിഞ്ഞാൽ ലൈസൻസ് മൂന്ന് വർഷത്തേക്ക് സസ്പെൻഡ് ചെയ്യും. വീണ്ടും ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കും.

Read News ⏭️

Back to top button