NEWS

പള്ളിത്തർക്കം: പിറവത്ത് പള്ളിയിൽ ഓർത്തഡോക്സ്-യാക്കോബായ വൈദികന്മാർ തമ്മിൽ സംഘർഷം, ഇടപെട്ട് പൊലീസ്

വൈദികന്മാർ തമ്മിൽ സംഘർഷം

കൊച്ചി: പിറവം പള്ളിയിൽ ഓർത്തഡോക്സ്-യാക്കോബായ വിഭാഗങ്ങളിലെ വൈദികന്മാ‌ർ തമ്മിൽ സംഘർഷം. പിറമാടം സെന്റ് ജോർജ് ബത്‌ലഹേം പള്ളിയിലാണ് വൈദികർ പരസ്പരം ഏറ്റുമുട്ടിയത്. സംഘർഷത്തിന് പിന്നാലെ പള്ളിയുടെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. അടുത്ത ദിവസം കളക്ടറുമായി ചർച്ച നടത്തിയ ശേഷമാകും ഇനി ആരാധന നടക്കുക.

പള്ളിതർക്കവുമായി ബന്ധപ്പെട്ട് കോടതി അനുകൂല ഉത്തരവുമായാണ് ഓർത്തഡോക്സ് വിഭാഗത്തിലെ രണ്ടുവൈദികർ പള്ളിയിലെത്തിയത്. യാക്കോബായ വിശ്വാസികളുടെ കുർബാന നടക്കുന്നതിനിടെ വൈദികർ പള്ളിക്കകത്ത് കയറുകയും അവർക്ക് പ്രാർത്ഥ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇതോടെ ഇരുവിഭാഗങ്ങളും വാക്കുതർക്കമുണ്ടായി. പിന്നാലെ ഇരുവിഭാഗങ്ങളിലെയും വൈദികർ തമ്മിലുള്ള സംഘർഷമായി മാറുകയായിരുന്നു.

കുർബാനയിൽ പങ്കെടുക്കാനെത്തിയ വിശ്വാസികൾ വൈദികരെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും വൈദികർ പിന്മാറിയില്ല. പള്ളിയിൽ തങ്ങൾക്കും പ്രാർത്ഥനയ്ക്ക് സൗകര്യമൊരുക്കുന്നത് വരെ പിന്മാറില്ലെന്ന് വ്യക്തമാക്കിയ ഓർത്തഡോക്സ് വിഭാഗം വൈദികർ പള്ളിയുടെ പുറത്ത് പ്രതിഷേധിച്ചു. തുടർന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പിറവം പൊലീസ് വൈദികരുമായി സംസാരിച്ചിരുന്നു.

എന്നാൽ കോടതി ഉത്തരവ് പ്രകാരമാണ് പള്ളിയിലെത്തിയതെന്നും പ്രാർത്ഥന നടത്താൻ അനുവദിക്കണമെന്നും ഓർത്തഡോക്സ് വൈദികർ ആവശ്യപ്പെട്ടു. ഇതോടെയാണ് പള്ളിയുടെ നിയന്ത്രണം പൊലീസ് താൽക്കാലികമായി ഏറ്റെടുത്തുത്. സംഭവത്തിൽ കളക്ടറുടെ നേതൃത്വത്തിൽ ചർച്ചക്കായി ഇരുവിഭാഗങ്ങളെയും വിളിച്ചിട്ടുണ്ട്. ചർച്ചയ്ക്ക് ശേഷമാകും പള്ളിയിൽ ആരാധന നടക്കുകയെന്നാണ് വിവരം.

English Summary

A conflict erupted between Orthodox and Jacobite priests at Piramadam St. George Bethlehem Church in Piravom. Orthodox priests, armed with a court order, sought prayer access during a Jacobite service, leading to an altercation. Police subsequently took control of the church. Worship will resume only after discussions led by the Collector.

Read News ⏭️

Back to top button