FASHION
മേക്കപ്പ് വൈപ്പ് നല്ലതാണോ? ചർമത്തിന് യോജിച്ച ക്ലെൻസർ എങ്ങനെ തിരഞ്ഞെടുക്കാം?

മുഖം വൃത്തിയാക്കുക എന്നത് ചർമസംരക്ഷണ റൂട്ടീനിലെ ഏറ്റവും ലളിതമായ ഘട്ടമെന്ന് തോന്നാം. എന്നാൽ ക്ലെൻസർ തിരഞ്ഞെടുപ്പ് അത്ര എളുപ്പമുള്ള കാര്യമല്ല. ഓയിൽ ക്ലെൻസർ വേണോ? ക്ലെൻസിങ് ബാം ഉപയോഗിക്കാമോ? ഫോമിങ് ഫേസ് വാഷ് ചർമം വരണ്ടതാക്കുമോ? രാവിലെയും രാത്രിയും മുഖം കഴുകേണ്ടതുണ്ടോ? എന്നിങ്ങനെ സംശയങ്ങൾ ഒരുപാടാണ്…ഓയിൽ, ബാം, മിൽക്കി ക്ലെൻസർ, ജെൽ, ഫോം, ക്രീം തുടങ്ങി പല ടെക്‌സ്ചറുകളിലും ക്ലെൻസറുകൾ ഇന്ന് ലഭ്യമാണ്. സെറാമൈഡുകൾ, നിയാസിനമൈഡ്, വിവിധ ആസിഡുകൾ തുടങ്ങി ചർമത്തിന് ഗുണകരമായ പല ഘടകങ്ങളും പല ക്ലെൻസറുകളിലും ഉൾപ്പെടുത്തുന്നുണ്ട്. എന്നാൽ, ക്ലെൻസർ എത്ര നല്ലതായാലും അതിന്റെ പ്രധാന ജോലി ചർമം വൃത്തിയാക്കുക എന്നതുതന്നെയാണ്.ഡെർമറ്റോളജിസ്റ്റുകളുടെ അഭിപ്രായത്തിൽ, നല്ലൊരു ക്ലെൻസർ ചർമത്തിലെ അഴുക്ക്, അധിക എണ്ണ, സൺസ്‌ക്രീൻ, മേക്കപ്പ്, അന്തരീക്ഷ മലിനീകരണത്തിൽ നിന്നുള്ള അവശിഷ്ടങ്ങൾ എന്നിവ നീക്കം ചെയ്യുന്നതാവണം. അതിനൊപ്പംതന്നെ ചർമത്തിന്റെ സ്വാഭാവിക സംരക്ഷണ കവചമായ സ്‌കിൻ ബാരിയറിനെ (ചർമത്തിന്റെ സംരക്ഷണപാളി) തകരാറിലാക്കാതിരിക്കുകയും വേണം. ക്ലെൻസർ മുഖത്ത് പുരട്ടി അൽപസമയത്തിനകം കഴുകിക്കളയുന്നതിനാൽ സെറം, ക്രീം എന്നീ ഉൽപ്പന്നങ്ങളെപ്പോലെ പെട്ടെന്ന് ഫലപ്രദമായി തോന്നില്ല. അതുകൊണ്ടുതന്നെ ക്ലെൻസർ മുഖക്കുരു, പിഗ്മെന്റേഷൻ തുടങ്ങിയ പ്രശ്‌നങ്ങൾക്കുള്ള പ്രധാന ചികിത്സയായി കണക്കാക്കേണ്ടതില്ല. എന്നാൽ ശരിയായ ക്ലെൻസർ തിരഞ്ഞെടുക്കുന്നത് ചർമസംരക്ഷണത്തിന്റെ ബാക്കി ഘട്ടങ്ങൾക്ക് നല്ലൊരു അടിത്തറ നൽകും.ചർമത്തിന്റെ സ്വഭാവമനുസരിച്ച് തിരഞ്ഞെടുക്കാം എണ്ണമയമുള്ള ചർമം: എണ്ണമയമുള്ള ചർമമുള്ളവർ ഓയിൽ ക്ലെൻസറുകൾ പൂർണമായും ഒഴിവാക്കണമെന്നില്ല. ചർമത്തിലെ എണ്ണയും ഓയിൽ ക്ലെൻസറിന് ലയിപ്പിച്ച് നീക്കം ചെയ്യാൻ കഴിയും. സൺസ്‌ക്രീനും മേക്കപ്പും നീക്കം ചെയ്യാനും ഇവ സഹായിക്കും. ഫോമിങ് ക്ലെൻസറുകളും എണ്ണമയമുള്ളതോ കോമ്പിനേഷൻ ചർമമുള്ളതോ ആയവർക്ക് അനുയോജ്യമാകാം. അധിക എണ്ണ, വിയർപ്പ്, ദിവസേന അടിഞ്ഞുകൂടുന്ന അഴുക്ക് എന്നിവ നീക്കം ചെയ്യാൻ ഇവ ഫലപ്രദമാണ്.എന്നാൽ ചർമത്തിലെ സ്വാഭാവിക എണ്ണ മുഴുവൻ നീക്കം ചെയ്യുന്ന തരത്തിലുള്ള ശക്തമായ ക്ലെൻസറുകൾ ഒഴിവാക്കുന്നതാണ് നല്ലത്. നിയാസിനമൈഡ്, സെറാമൈഡുകൾ പോലുള്ള ബാരിയർ-സപ്പോർട്ടിങ് ഘടകങ്ങൾ അടങ്ങിയ ഫോർമുലകൾ പരിഗണിക്കാം.
Life Style ⏭️


