NEWS
വഴങ്ങിയാൽ ട്രംപ് ‘ഗോൾപോസ്റ്റ്’ മാറ്റും! യുപിഐ ഇടപാടിനും ചാർജ്, പിന്നിൽ യുഎസ് സമ്മർദമെന്ന്

യുപിഐ ഇടപാടുകൾക്ക് ചാർജ് (മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്–എംഡിആർ) ഈടാക്കാനുള്ള കേന്ദ്രസർക്കാർ നീക്കവും വിവാദമാകുന്നു. പുതിയ നിയമഭേദഗതി യുഎസ് സമ്മർദത്തെ തുടർന്നാണെന്ന് ആരോപണം. യുപിഐ, റൂപേ ഇടപാടുകൾ സൗജന്യമാക്കിയത് ഇന്ത്യൻ കമ്പനികൾക്ക് നേട്ടമാണെന്നും യുഎസ് കമ്പനികളുടെ വരുമാനത്തെ ബാധിച്ചെന്നും അടുത്തിടെ യുഎസ് വ്യാപാര പ്രതിനിധി വിമർശിച്ചിരുന്നു. ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകളിൽ ഇക്കാര്യം യുഎസ് ഉന്നയിച്ചതായും വിവരമുണ്ട്. ഇതിനു പിന്നാലെ നിയമഭേദഗതിക്ക് സർക്കാർ തുനിഞ്ഞതാണ് വിവാദമായത്. ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനായി 2020 മുതൽ യുപിഐ ഇടപാടുകൾക്കും റുപേയ് ഡെബിറ്റ് കാർഡുകൾക്കും എംഡിആർ ഈടാക്കുന്നില്ല. നിലവിലെ നിയമത്തിൽ ഇതിനുള്ള വ്യവസ്ഥയുമില്ല. ഭാവിയിൽ എംഡിആർ ഈടാക്കാൻ കേന്ദ്രസർക്കാരിന് സാധിക്കുന്ന ‘ദി ടാക്സേഷൻ ആൻഡ് അദർ ലോസ് (അമൻഡ്മെന്റ്) ബിൽ’ ഇന്നലെ ലോക്സഭ പാസാക്കി. ഉയർന്ന തുകയുടെ യുപിഐ ഇടപാടുകൾക്ക് എംഡിആർ ഭാവിയിൽ ചുമത്താനുള്ള വഴിതുറക്കലാണ് ഇപ്പോഴത്തെ ഭേദഗതിയെന്നാണ് വിലയിരുത്തൽ. പണമിടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് ബാങ്ക് അല്ലെങ്കിൽ പേയ്മെന്റ് സേവനദാതാവ് ഈടാക്കുന്ന ഫീസാണ് എംഡിആർ. ഇത് വ്യാപാരി തന്നെ വഹിക്കണമെന്നാണ് ചട്ടം. ഈ ബാധ്യത ഉപയോക്താവിലേക്ക് കൈമാറിയാൽ സാധാരണക്കാരുടെ ഡിജിറ്റൽ പണമിടപാടിന്റെ ചെലവ് കൂടും. യുഎസ് സമ്മർദത്തിനു വഴങ്ങി ഇന്ത്യ യുപിഐ നയങ്ങളിൽ മാറ്റം വരുത്തരുതെന്ന് ഗവേഷക സ്ഥാപനമായ ജിടിആർഐ (ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ്) ആവശ്യപ്പെട്ടു. യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കാത്തത് രാജ്യത്തെ ഡിജിറ്റൽ പണമിടപാടുകളെ വലിയ രീതിയിൽ സഹായിച്ചിട്ടുണ്ടെന്ന് ജിടിആർഐ പറയുന്നു. എന്നാൽ സൈബർ സുരക്ഷയ്ക്കും തട്ടിപ്പുകൾ തടയുന്നതിനും ഈ മേഖലയിൽ വലിയ രീതിയിലുള്ള ഫണ്ടിങും ആവശ്യമാണ്. എന്നുവെച്ച് യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കണമെന്നു ഇതുകൊണ്ട് ഉദ്ദേശിക്കുന്നില്ല. ഇന്ത്യയുടെ യുപിഐയ്ക്കെതിരെ യുഎസ് വിമർശനം ഉന്നയിച്ച സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ പുതിയ നീക്കമെന്നും ജിടിആർഐ ആരോപിക്കുന്നു. വിദേശ കമ്പനികൾക്ക് ലാഭമുണ്ടാക്കാൻ യുപിഐ നയങ്ങളിൽ കേന്ദ്രം മാറ്റം വരുത്തരുത്. ഇക്കാര്യത്തിൽ എന്തുതീരുമാനവും ഇന്ത്യൻ താൽപര്യങ്ങൾക്ക് അനുസരിച്ചായിരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Fashion ⏭️


