LIFESTYLE

മന്നത്ത് പോലെ ഷാറൂഖിന് പ്രിയം ജന്നത്ത്; വിലകൊടുത്തു വാങ്ങിയതല്ല; ദുബായ് നൽകിയ സമ്മാനം!


ഷാറുഖ് ഖാൻ തിരക്കുകളിൽ നിന്നൊഴിഞ്ഞ് അവധിക്കാലം ആഘോഷിക്കാൻ എവിടേക്കായിരിക്കും പോകുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഉത്തരം ‘ജന്നത്ത്’ എന്നാണ്. പേര് അന്വർഥമാക്കുന്നത് പോലെ തന്നെ ‘സ്വർഗം’ പോലെയൊരു ആഡംബര ബീച്ച് ഫ്രണ്ട് വില്ല. ദുബായിലെ അതിപ്രശസ്തമായ പാം ജുമൈറയിൽ സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരത്തിന് സ്വകാര്യ ബീച്ച്, നീന്തൽക്കുളം, അറബിക്കടലിന്റെ അതിമനോഹരമായ കാഴ്ചകൾ, ഗൗരി ഖാൻ തന്നെ നേരിട്ട് ഡിസൈൻ ചെയ്ത ഇന്റീരിയറുകൾ… എന്നിങ്ങനെ ഒട്ടേറെ പ്രത്യേകതകളുണ്ട്.ദുബായിലെ പ്രശസ്തമായ പാം ജുമൈറയിലെ കെ-ഫ്രണ്ടിലാണ് ‘ജന്നത്ത്’ സ്ഥിതി ചെയ്യുന്നത്. നഗരത്തിലെ ഏറ്റവും എക്സ്ക്ലൂസീവ് ആയ വിലാസങ്ങളിൽ ഒന്നാണിത്. ചുറ്റിലും സ്വകാര്യ വില്ലകളും പഞ്ചനക്ഷത്ര ഹോട്ടലുകളും മനോഹരമായ വെള്ളമണൽ തീരങ്ങളുമുള്ള ഈ പ്രദേശം സമ്പന്നതയുടെ സമവാക്യമാണ്.ഏകദേശം 14,000 ചതുരശ്ര അടി വിസ്തീർണമുള്ള വിശാലമായ പ്ലോട്ടിലാണ് ഈ മനോഹര പ്രോപ്പർട്ടി നിലകൊള്ളുന്നത്. ഇതിൽ രണ്ടു നിലകളിലായി 8,500 ചതുരശ്ര അടി വിസ്തീർണത്തിലാണ് വില്ല പടുത്തുയർത്തിയിരിക്കുന്നത്.വിലകൊടുത്തു വാങ്ങിയതല്ല; ദുബായ് നൽകിയ സമ്മാനം!’ജന്നത്തിനെ’ കുറിച്ചുള്ള ഏറ്റവും രസകരവും ആശ്ചര്യപ്പെടുത്തുന്നതുമായ വസ്തുത ഇത് ഷാറുഖ് ഖാൻ പണം മുടക്കി വാങ്ങിയതല്ല എന്നതാണ്. ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, പാം ജുമൈറയുടെ നിർമാതാക്കളായ ദുബായ് അധിഷ്ഠിത റിയൽ എസ്റ്റേറ്റ് ഭീമന്മാരായ ‘നഖീൽ’ 2007-ലാണ് ഈ വില്ല ഷാറുഖിന് സമ്മാനമായി നൽകിയത്.ദുബായിയെ ഒരു ആഗോള ടൂറിസം-ബ്രാൻഡ് ലക്ഷ്യസ്ഥാനമായി ലോകമെമ്പാടും ഉയർത്തിക്കാട്ടുന്നതിൽ ഷാറുഖ് ഖാൻ വഹിച്ച പങ്കിനുള്ള നന്ദിസൂചകമായിട്ടായിരുന്നു ഈ വിലപിടിപ്പുള്ള ഉപഹാരം. ജന്നത്ത് താൻ വാങ്ങിയ വീടല്ല, മറിച്ച് ദുബായ് സ്നേഹത്തോടെ നൽകിയ സമ്മാനമാണെന്ന് ഷാറുഖ് ഖാൻ പലവേളകളിൽ തുറന്നുപറഞ്ഞിട്ടുമുണ്ട്.


Cinema ⏭️

Back to top button