അഴുകിച്ചീർത്ത ബോഡി പ്ളാസ്റ്റിക്കിൽ പൊതിഞ്ഞ്… രാജേഷിന്റെ മൃതദേഹം എംബാം ചെയ്തില്ല ആംബുലൻസിൽ ഫ്രീസറുമില്ല പരിയാരം മെഡി. കോളേജിന്റെ ക്രൂരത

തൃശൂർ/കണ്ണൂർ: ഇങ്ങനെയുമുണ്ടോ ക്രൂരത. അതും സ്വന്തം ജീവൻ കളഞ്ഞ് പ്രളയ രക്ഷാപ്രവർത്തനം നടത്തിയ ധീരയുവാവ് കല്ലിയൂർ സ്വദേശി രാജേഷിന്റെ മൃതശരീരത്തോട്.
നാലുദിവസം പുഴയിൽ കിടന്ന് ചീർത്ത മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് അധികൃതർ തിരുവനന്തപുരത്തേക്കയച്ചത് പ്ളാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ്. എംബാം ചെയ്തില്ല. ഫ്രീസർ ബോക്സുള്ള ആംബുലൻസും വിളിച്ചില്ല. വീട്ടിലെത്തിച്ചാൽ മൃതദേഹം തുറന്നുകാണിക്കരുതെന്ന് ഡ്രൈവർമാർക്ക് നിർദ്ദേശവും നൽകി.
ബുധനാഴ്ച സംസ്കാരത്തിനുമുമ്പ് അച്ഛന്റെ മുഖമൊന്നു കാണണമെന്ന് മക്കൾ കേണപേക്ഷിച്ചിട്ടും കാണിക്കാത്തതിന്റെ കാരണവും മറ്റൊന്നാവില്ല. എംബാം ചെയ്യാത്തതിനാൽ അഴുകി വികൃതമായിട്ടുണ്ടാവും. ദുർഗന്ധം അസഹ്യമായതോടെ ആംബുലൻസ് തൃശൂർ ചാവക്കാട് ഹയാത്ത് ആശുപത്രിക്ക് മുന്നിൽ നിറുത്തി. തുടർന്ന് മൃതദേഹം ഫ്രീസർ സൗകര്യമുള്ളതിലേക്ക് ഡ്രൈവർമാർ മാറ്റുകയായിരുന്നു. ഇതിന്റെ സി.സി ടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിഷയം ചർച്ചയായത്.
വാർഡ് മെമ്പർ മഹേഷും പൊതുപ്രവർത്തകൻ റാണെയും മൃതദേഹത്തെ അനുഗമിച്ചിരുന്നു. ഫ്രീസറുള്ള ആംബുലൻസ് ആവശ്യപ്പെട്ടപ്പോൾ പരിയാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ കൈമലർത്തിയെന്ന് ഇവർ പറഞ്ഞു. മൃതദേഹം ഫ്രീസറിലേക്ക് മാറ്റാതിരുന്നെങ്കിൽ ശരീര ഭാഗങ്ങൾ വേർപെട്ടുപോയേനെയെന്ന് ആംബുലൻസ് ഡ്രൈവർമാരായ മുഹമ്മദ് നിയാസും മുഹമ്മദ് തൻവീറും പറയുന്നു. കുടുംബാംഗങ്ങളുടെ മാനസികാവസ്ഥ ഓർത്താണ് വിവരം അവരോട് പറയാതിരുന്നത്. ഇനി ആർക്കുമുമ്പിലും മൊഴികൊടുക്കാൻ തയ്യാറാണ്.
കണ്ണൂർ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ കഴിഞ്ഞ ശനിയാഴ്ചയാണ് രാജേഷ് ദുരന്തത്തിൽപ്പെട്ടത്. മൃതശരീരം കണ്ടെത്താനായത് ചൊവ്വാഴ്ചയും. തുരുത്തിൽ അകപ്പെട്ടയാളെ കുത്തിയൊഴുകിയ പുഴ നീന്തിക്കടന്ന് സ്വന്തം ലൈഫ് ജാക്കറ്റ് ഊരിനൽകി രക്ഷിച്ചു. പക്ഷേ, തിരിച്ചു നീന്തവേ കയറിൽ നിന്ന് രാജേഷിന്റെ പിടിവിട്ടുപോയി. മീന്തുള്ളി വെള്ളച്ചാട്ടത്തിലെ റെപ്പലിംഗ് ഇൻസ്ട്രക്ടറായിരുന്നു. രക്ഷാപ്രവർത്തനത്തിന് സ്വയം ഇറങ്ങുകയായിരുന്നു. മുഖ്യമന്ത്രി അന്ത്യാഞ്ജലിയർപ്പിച്ചു. ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. പക്ഷേ, ഭൗതികദേഹത്തോട് കാട്ടിയ അവഹേളനം…
എ.ഡി.എം അന്വേഷിക്കും
സംഭവത്തിൽ പരിയാരം മെഡിക്കൽ കോളേജിന്റെ വീഴ്ച അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കണ്ണൂർ ജില്ലാ കളക്ടർ പി.വിഷ്ണുരാജ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നിർദ്ദേശം നൽകി. വിശദാന്വേഷണത്തിന് എ.ഡി.എം പി.എൻ.പുരുഷോത്തമനെ ചുമതലപ്പെടുത്തി. സ്‌പെഷ്യൽ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചു. ഫ്രീസർ ഇല്ലെന്ന വിഷയം തന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നാണ് പയ്യന്നൂർ തഹസീൽദാറുടെ വിശദീകരണം. അതേസമയം, സംഭവത്തിൽ പരാതി നൽകുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് വീട്ടുകാർ പ്രതികരിച്ചു.


