NEWS
ഫ്രാൻസിനെ ഭീതിയിലാഴ്ത്തി ‘തീമേഘങ്ങൾ’! അതിശക്തമായ കാറ്റും മിന്നലും; ഇത് മുൻപെങ്ങും കാണാത്ത പ്രതിഭാസം

ചരിത്രത്തിലെ ഏറ്റവും ഭയാനകമായ കാട്ടുതീ ദുരന്തങ്ങളിലൂടെയാണ് യൂറോപ്യൻ രാജ്യങ്ങളായ ഫ്രാൻസും സ്പെയിനും നിലവിൽ കടന്നുപോകുന്നത്. ഫ്രാൻസിലെ ഗിറോണ്ടെ മേഖലയിലും ബോർഡോയ്ക്ക് സമീപമുള്ള വനമേഖലകളിലും കാട്ടുതീ നിയന്ത്രണാതീതമായി പടരുമ്പോൾ, പതിനായിരക്കണക്കിന് ആളുകളെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചത്. സ്പെയിനിൽ തലസ്ഥാനമായ മഡ്രിഡിന് പടിഞ്ഞാറുള്ള വനമേഖലകൾ വൻതോതിൽ കത്തിയെരിയുകയാണ്. എന്നാൽ, കാട്ടുതീയുടെ വ്യാപ്തിക്ക് പുറമെ രക്ഷാപ്രവർത്തകർക്കും ശാസ്ത്രലോകത്തിനും ഒരുപോലെ വെല്ലുവിളിയാകുന്നത് തികച്ചും അപ്രതീക്ഷിതമായ മറ്റൊരു അന്തരീക്ഷ പ്രതിഭാസമാണ്, ‘പൈറോക്യുമുലോനിംബസ്’ അഥവാ ‘തീമേഘങ്ങൾ’. അന്തരീക്ഷത്തിൽ സ്വന്തമായി അതിശക്തമായ കാറ്റും മിന്നലും സൃഷ്ടിച്ച് പുതിയ ഇടങ്ങളിലേക്ക് തീ പടർത്താൻ ശേഷിയുള്ള ഈ കൂറ്റൻ മേഘങ്ങൾ ഫ്രാൻസിലെ അഗ്നിശമന സേനയുടെ പ്രവർത്തനങ്ങളെ പൂർണമായും താളംതെറ്റിച്ചിരിക്കുകയാണ്.∙ എന്താണ് ‘തീമേഘങ്ങൾ’? ലളിതമായി പറഞ്ഞാൽ, കാട്ടുതീയുടെ കടുത്ത ചൂടിൽ നിന്ന് രൂപപ്പെടുന്ന ഭീമാകാരമായ കൊടുങ്കാറ്റ് മേഘങ്ങളാണ് പൈറോക്യുമുലോനിംബസ്. ഗ്രീക്ക് ഭാഷയിൽ ‘പൈറോ’ എന്നാൽ തീയെന്നാണ് അർഥം. സാധാരണയായി കാണപ്പെടുന്ന ക്യുമുലോനിംബസ് മേഘങ്ങൾ രൂപപ്പെടുന്നതുപോലെ തന്നെയാണ് ഇവയും ഉണ്ടാകുന്നത്. എന്നാൽ ഇവിടെ മേഘങ്ങൾ രൂപപ്പെടാൻ ആവശ്യമായ അന്തരീക്ഷ വായുവിനെ മുകളിലേക്ക് തള്ളുന്ന ശക്തമായ ചൂട് ലഭിക്കുന്നത് വൻ കാട്ടുതീകളിൽ നിന്നോ അഗ്നിപർവത സ്ഫോടനങ്ങളിൽ നിന്നോ ആണ്.∙ ഫ്രാൻസിൽ ഇതാദ്യം: മുൻപെങ്ങും കാണാത്ത പ്രതിഭാസം യുഎസ്, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ കാട്ടുതീ സമയങ്ങളിലും സമീപകാലത്ത് സൈബീരിയയിലുണ്ടായ ഉഷ്ണതരംഗത്തിലും ഇത്തരം തീമേഘങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. 800 ഡിഗ്രി സെൽഷ്യസിനു മുകളിൽ ചൂടുള്ള കാട്ടുതീയിലാണ് സാധാരണയായി ഇവ ഉണ്ടാകാറുള്ളത്. എന്നാൽ, ഫ്രാൻസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു ഭീകര പ്രതിഭാസം ഔദ്യോഗികമായി രേഖപ്പെടുത്തുന്നത്. ഫ്രാൻസിലെ നാഷനൽ ഫയർഫൈറ്റേഴ്സ് ഫെഡറേഷൻ വ്യക്തമാക്കുന്നത്, രാജ്യത്ത് ഇതുവരെ കാണാത്ത തലത്തിലുള്ള സങ്കീർണമായ അവസ്ഥയിലൂടെയാണ് തങ്ങൾ കടന്നുപോകുന്നത് എന്നാണ്. കടുത്ത ചൂടിൽ രൂപപ്പെട്ട മേഘങ്ങൾ രാത്രികാലങ്ങളിൽ ഈർപ്പം കൂടുമ്പോൾ ദുർബലമാകുകയും, പിന്നീട് വീണ്ടും ശക്തമാകുകയും ചെയ്യുന്നതായി അവർ നിരീക്ഷിച്ചു.
Fashion ⏭️


