NEWS

എറിയാട് പഞ്ചായത്തിലെ നിശ്ശബ്ദ ഭീഷണി; മണ്ണിൽ സിങ്ക്, ലെഡ്, കാഡ്മിയം എന്നിവ അപകടകരമായ അളവിൽ


തൃശൂർ ∙ എറിയാട് ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിലം നികത്തിയത് രാസമാലിന്യം കലർന്ന മണ്ണുപയോഗിച്ചാണെന്ന് വ്യക്തമായിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും മണ്ണു നീക്കാൻ കാര്യമായ നടപടികളില്ല. വീടു പണിയാനും മറ്റാവശ്യങ്ങൾക്കുമായി മണ്ണടിക്കാൻ സമീപിച്ച ഭൂവുടമകളെ മണ്ണു മാഫിയ വഞ്ചിച്ചതായാണ് പരാതി. എറണാകുളം അമ്പലമുകളിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് ഭൂവുടമകൾ തന്നെ ലോഹമാലിന്യം കലർന്ന മണ്ണു മാറ്റണമെന്നാണ് തഹസിൽദാരുടെ നേതൃത്വത്തിൽ കൂടിയ ഭൂവുടമകളുടെ യോഗത്തിൽ തീരുമാനിച്ചതെങ്കിലും മണ്ണു നീക്കം ചെയ്യാൻ ഒരു ടണ്ണിന് 1500 രൂപ വരെ ആവശ്യപ്പെടുന്നതിനാൽ മിക്ക ഭൂവുടമകളും ഇതിനു തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. മണ്ണു നീക്കാൻ ഭൂവുടമകൾ സാവകാശം ആവശ്യപ്പെട്ടതായി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജൻ അറിയിച്ചു.ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മണ്ണിൽ സിങ്ക്, ലെഡ്, കാഡ്മിയം എന്നിവ അപകടകരമായ അളവിൽ അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയിരുന്നു. മണ്ണിൽ അടങ്ങിയിരിക്കുന്ന ഖരലോഹങ്ങൾ സമീപത്തെ മണ്ണിലേക്കും ഭൂഗർഭ ജലത്തിലേക്കും അരിച്ചിറങ്ങാൻ സാധ്യതയുണ്ടെന്നും ഇവ പ്രകൃതിക്കും ജനങ്ങളുടെ ആരോഗ്യത്തിനും അപകടകരമാണെന്നും റിപ്പോർട്ടിൽ പറയുന്നു. എടയാർ വ്യവസായ മേഖലയിൽ പൂട്ടിപ്പോയ സ്വകാര്യ കമ്പനിയിലെ രാസമാലിന്യമടങ്ങിയ മണ്ണെടുത്താണ് ജലസ്രോതസ്സുകൾ ഉൾപ്പെടെയുള്ളവ നികത്തിയിട്ടുള്ളതെന്നും പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്.ത്വക്‌രോഗങ്ങളും ദുരിതവും പശയേറിയ തരം മണ്ണുപയോഗിച്ച് നികത്തിയതിൽ ജലാശയങ്ങളും നീർച്ചാലുകളും ഉൾപ്പെടുന്നു. രാസമാലിന്യമുള്ള മണ്ണടിച്ച് നികത്തിയ സ്ഥലത്തിനടുത്തുള്ള ജലാശയത്തിൽ ഇറങ്ങിയ വള്ളം തൊഴിലാളിയായ ലൈജേഷിന് കൈകളിലും കാലുകളിലും ചൊറിഞ്ഞു തടിച്ചു. തിരിച്ചറിയാൻ പറ്റാത്ത രോഗമാണെന്നാണ് ഡോക്ടർ അറിയിച്ചതെന്ന് ലൈജേഷ് പറയുന്നു.


Fashion ⏭️

Back to top button