NEWS
‘ആദ്യം വലിയ കുലുക്കം, പിന്നീട് കാതടപ്പിക്കുന്ന ശബ്ദം; ഓടിയെത്തിയവർ ആദ്യമൊന്നു പകച്ചു…’

കുറ്റിപ്പുറം ∙ സ്വകാര്യ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞ അപകടത്തിൽ ദുരന്തത്തിന്റെ വ്യാപ്തി കുറഞ്ഞതിന്റെ ആശ്വാസത്തിലാണ് നാട്. അപകടം നടന്നയുടൻ ഓടിയെത്തിയവർ ആദ്യമൊന്നു പകച്ചു. രക്തത്തിൽ കുളിച്ചു ബസിനകത്തു കുടുങ്ങിക്കിടന്നവരുടെ കൂട്ടനിലവിളിയാണ് കേൾക്കാനായത്. ബസിന്റെ പിറകിലെയും വശങ്ങളിലെയും ചില്ലുകൾ തകർത്ത് അകത്തുകയറി ഓരോരുത്തരെയായി പുറത്തെത്തിച്ചു. ഇതിനോടകം, തൊട്ടടുത്തുതന്നെയുള്ള കുറ്റിപ്പുറം സ്റ്റേഷനിൽനിന്നു പൊലീസും തിരൂരിൽനിന്നുള്ള അഗ്നിരക്ഷാ സേനയും രംഗത്തെത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കി.പരുക്കേറ്റവരെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കാനായി. ഗുരുതര പരുക്കേറ്റവരെ മറ്റു ആശുപത്രികളിലേക്കു മാറ്റി. ബസിന്റെ ഷാസി അപകടത്തിൽ ഊരിത്തെറിച്ച് ഇന്ധന ടാങ്കിൽ ഇടിച്ചെങ്കിലും ഡീസൽ ചോർന്നു വാഹനത്തിനു തീപിടിക്കാതിരുന്നതിനാൽ വലിയൊരു ദുരന്തമാണ് തലനാരിഴയ്ക്കു വഴിമാറിയത്. ദേശീയപാത അവസാനിച്ച് സർവീസ് റോഡ് ആരംഭിക്കുന്ന ഇവിടെ റോഡരികിൽ വീതി കൂടുതൽ ഉള്ളതിനാൽ ദീർഘദൂര വാഹനങ്ങൾ ഇവിടെനിർത്തിടുന്നതും പതിവാണ്. എന്നാൽ അപകട സമയത്തു മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നതും വലിയ ദുരന്തം ഒഴിവാക്കി. മീറ്ററുകൾ കൂടി മുന്നോട്ടുനീങ്ങിയാൽ റെയിൽവേ മേൽപാലമാണ്. ഇതിന്റെ കൈവരികളിൽ ഇടിച്ച് താഴേക്കുപതിച്ചാലും വൻ ദുരന്തമായി മാറിയേനേ.കോയമ്പത്തൂരിൽ എൻജിനീയറിങ്ങിനു പഠിക്കുന്ന കോട്ടയ്ക്കൽ സ്വദേശി പി.വി.ആനന്ദ് (18) ചങ്കുവെട്ടിയിൽനിന്നാണ് ബസിൽ കയറിയത്. കുറ്റിപ്പുറത്തുനിന്നു ട്രെയിൻ കയറുകയായിരുന്നു ലക്ഷ്യം. ബസ് സാമാന്യം നല്ല വേഗത്തിലായിരുന്നുവെന്ന് ആനന്ദ് പറയുന്നു. ചാറ്റൽ മഴയും വില്ലനായി. തലയ്ക്കാണ് ആനന്ദിനു പരുക്ക്. കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ ഡോ.പ്രവീൺ മൂരിയത്തിന്റെ മകനാണ് ആനന്ദ്. തവനൂർ ബാലമന്ദിരത്തിലേക്കു പോകുകയായിരുന്നു അരീക്കോട് വെറ്റിലപ്പാറ കളത്തിങ്ങൽ തങ്കയും (58) പേരമകൾ അശ്വതിയും (18). ബസിന്റെ മധ്യത്തിലായിരുന്നു ഇവർ ഇരുന്നിരുന്നത്. മരണത്തെ മുഖാമുഖം കണ്ടെന്ന് ഇരുവരും പറയുന്നു. തലയ്ക്കാണ് പരുക്കേറ്റത്. വളാഞ്ചേരിയിൽനിന്നാണ് എടപ്പാൾ സ്വദേശി കെ.സുബൈർ (56) ബസിൽ കയറിയത്. പലതവണ ബസിന്റെ നിയന്ത്രണം നഷ്ടമായതു പോലെ അനുഭവപ്പെട്ടെന്നു സുബൈർ പറഞ്ഞു. കൂട്ടിയിടിയിൽ സുബൈറിന്റെ പല്ലുകൾ ഇളകി. ചുണ്ടുകൾക്കു പൊട്ടലുമുണ്ട്.
Fashion ⏭️


