NEWS

എപ്സ്റ്റീൻ വജ്ര മോതിരവും സ്വത്തുക്കളും നൽകി; അവസാന ദിവസം 20 മിനിറ്റ് ഫോൺ സംഭാഷണം: ആരാണ് ആ യുവതി?


വാഷിങ്ടൻ ∙ അന്തരിച്ച അമേരിക്കൻ ശതകോടീശ്വരനും ലൈംഗിക അതിക്രമക്കേസ് പ്രതിയുമായ ജെഫ്രി എപ്സ്റ്റീന്റെ കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കൾക്ക് പിന്നിലെ മറ്റൊരു ദുരൂഹത കൂടി പുറത്ത്. എപ്സ്റ്റീന്റെ വിൽപത്രത്തിൽ പറയുന്ന 33 കാരറ്റ് വജ്രമോതിരവും, 100 മില്യൺ ഡോളറിന്റെ (ഏകദേശം 830 കോടിയിലധികം രൂപ) സ്വത്തുക്കളും ബെലാറസ് സ്വദേശിയായ മുപ്പത്തിയേഴുകാരിയായ ദന്തഡോക്ടർ കാരിന ഷൂലിയാക്കിക്ക് അവകാശപ്പെട്ടതാണ്. 2019ൽ ജയിലിൽ മരിക്കുന്നതിനു തൊട്ടുമുമ്പ് എപ്സ്റ്റീൻ അവസാനമായി സംസാരിച്ചതും കാരിനയോടായിരുന്നു. വർഷങ്ങളായി പൊതുവേദിയിൽ നിന്നും മറഞ്ഞിരുന്ന ഇവരുടെ ബന്ധം, ജനുവരിയിൽ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട മൂന്ന് ദശലക്ഷം പേജുകളുള്ള അന്വേഷണ ഫയലുകളിലൂടെയാണ് പുറംലോകമറിഞ്ഞത്. അയ്യായിരത്തിലധികം സ്വകാര്യ സന്ദേശങ്ങളും ചിത്രങ്ങളും ഈ ഫയലുകളിലുണ്ട്. ഫയലുകൾ പ്രകാരം, എപ്സ്റ്റീന്റെ മറ്റ് ഇരകളിൽ നിന്നും വ്യത്യസ്തമായ ഒരു സ്ഥാനമാണ് കാരിനയ്ക്കുള്ളത്. അവർ സ്വയം ഒരു ഇരയായി വിശേഷിപ്പിച്ചിട്ടില്ല. ലൈംഗികക്കടത്ത് കേസിലെ പങ്കാളിയായി അന്വേഷണ ഏജൻസികൾ അവരെ കണക്കാക്കിയിട്ടുമില്ല. എന്നാൽ പണം, പൂർണമായ നിയന്ത്രണം, ആശ്രയത്വം എന്നിവയിൽ അധിഷ്ഠിതമായിരുന്നു ഇവരുടെ ബന്ധം. എപ്സ്റ്റീൻ കാരിനയ്ക്ക് ക്രെഡിറ്റ് കാർഡുകളും ഒരു ദശലക്ഷം ഡോളറോളം പണവും നൽകിയിരുന്നു. ഡോക്ടറാകാനുള്ള അവരുടെ പഠനത്തിനുള്ള ഭീമമായ ചെലവുകളും വഹിച്ചു. ബെലാറസിലുള്ള കാരിനയുടെ മാതാപിതാക്കൾക്കും വൻതുകകൾ അയച്ചിരുന്നു. പകരമായി എപ്സ്റ്റീന്റെ വസതികളുടെയും ഫ്ലാറ്റുകളുടെയും മേൽനോട്ടം കാരിന നിർവഹിച്ചു.


Fashion ⏭️

Back to top button