NEWS
ഒരു യുവാവിൽ നിന്ന് തുടങ്ങിയ അന്വേഷണം, വലയിലായത് 2 അധ്യാപികമാർ, നടപടി; ലഹരി ഇടപാടിന്റെ ചുരുളഴിയുന്നു

കോഴിക്കോട് ∙ എംഡിഎംഎ വിൽപനയുടെ പണമിടപാടു നടത്തിയ കേസിൽ ഓപ്പറേഷൻ തൂഫാനിൽ അറസ്റ്റിലായ അധ്യാപികമാർക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. പേരാമ്പ്ര മരുതോങ്കര സ്വദേശി കീർത്തനയെ (28) പിരിച്ചുവിട്ടു. കഴിഞ്ഞ ദിവസം അറസ്റ്റിലായ കൂരാച്ചുണ്ട് ചെറുകാട് കാവ്യയെ (29) ഇന്നു പിരിച്ചുവിടും. സമഗ്ര ശിക്ഷ കേരളയിൽ പേരാമ്പ്ര ബിആർസിയിലെ സ്പെഷലിസ്റ്റ് എജ്യുക്കേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിലാണ് ഇവർ ജോലി ചെയ്തിരുന്നത്.വടകര സ്വദേശിയായ യുവാവിനെ എംഡിഎംഎ സഹിതം പിടികൂടിയ കേസിലെ അന്വേഷണമാണ് ഇവരിലേക്കെത്തിയത്. കഴിഞ്ഞ 11 ന് കാവ്യയുടെ സുഹൃത്തു കൂടിയായ കീർത്തനയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കീർത്തനയുടെ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കാവ്യയിലേക്കെത്തിയത്. ഇരുവരും ലഹരി ഇടപാടിലെ കണ്ണികളാണെന്നു പൊലീസ് കണ്ടെത്തി. എംഡിഎംഎ ആവശ്യമുള്ളവർ കീർത്തനയുടെ അക്കൗണ്ടിലേക്കാണു പണമയച്ചിരുന്നത്. പണം ലഭിച്ചാൽ ഫോണിൽ ലൊക്കേഷൻ നൽകും. ഇവിടെ മറ്റൊരാൾ എത്തി എംഡിഎംഎ കൈമാറുകയാണു പതിവ്.
Fashion ⏭️


