NEWS

ഗണേഷ് കുമാറിന്റെ ആ പരിഷ്കാരം വേണ്ട, ഡ്രൈവിംഗ് ടെസ്റ്റിൽ മുൻമന്ത്രിയുടെ ഉത്തരവ് തിരുത്തി പുതിയ സർക്കുലർ

കെ,​ബി. ഗണേഷ് കുമാർ,​ ഡ്രൈവിംഗ് ടെസ്റ്റ്

തിരുവനന്തപുരം: കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഡ്രൈവിംഗ് ടെസ്റ്റിൽ അന്നത്തെ മന്ത്രി കെ,​ബി,​ ഗണേഷ്‌കുമാർ കൊണ്ടുവന്ന പരിഷ്കാരം മാറ്റി പുതിയ സർക്കുലർ പുറത്തിറങ്ങി. ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തുന്നത് വൈകുന്നു എന്ന പരാതി വ്യാപകമായതിനെ തുടർന്നാണ് ഈ മാറ്റം. ഇതനുസരിച്ച് പ്രതിദിന ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം 40ൽ നിന്ന് 50 ആക്കി ഉയർത്തി. അടുത്ത മൂന്നുമാസത്തേക്ക് ആഴ്ചയിൽ 5 പ്രവൃത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ് നടത്താനാണ് തീരുമാനം. നിരീക്ഷണത്തിന് ഡെപ്യുട്ടി ട്രാൻസ്പോർട്ട് കമ്മിഷണറെ ചുമതലപ്പെടുത്തി.

സ്ലോട്ട് വിഭജനം

പുതിയ ഡ്രൈവിംഗ് ടെസ്റ്റ് 28

റീടെസ്റ്റ് 20

വിദേശത്തേക്കോ ജോലിക്കോ പഠനത്തിനോ പോകുന്നവർ 2

ബുക്കിംഗ് തീയതി മുതൽ 30 ദിവസത്തിനുള്ളിൽ പുതിയ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് സ്ലോട്ടുകൾ ലഭ്യമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. റീ ടെസ്റ്റ് ഡ്രൈവിംഗ് ലൈസൻസ് സ്ലോട്ടുകൾ 8 ദിവസത്തിനുള്ളിൽ ലഭ്യമാക്കും,​ ലേണേഴ്‌സ് ലൈസൻസ് ടെസ്റ്റ് സ്ലോട്ടുകൾ മൂന്നു ദിവസത്തിനുള്ളിൽ ലഭ്യമാക്കും. ഫിറ്റ്നസ് പരിശോധനയും ഡ്രൈവിംഗ് ടെസ്റ്റും ഒരു ദിവസം പാടില്ലെന്ന നിബന്ധനയും മാറ്റി.

കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ മൂന്നുമാസം കൊണ്ട് തീർപ്പുണ്ടാക്കണമെന്നാണ് ഗതാഗത കമ്മിഷണറുടെ നിർദ്ദേശം. ആദ്യ ടെസ്റ്റ് തോറ്റാൽ എട്ടു ദിവസത്തിനകം രണ്ടാം ടെസ്റ്റിന് സമയം നൽകണം. ലേണേഴ്സ് അപേക്ഷ ലഭിച്ച് മൂന്നുദിവസത്തിനുള്ളിൽ ടെസ്റ്റിനുള്ള തീയതി നൽകണം. മൂന്നു മാസത്തിന് ശേഷം ഡ്രൈവിംഗ് ടെസ്റ്റിൽ പുതിയ പരിഷ്കാരം കൊണ്ടു വരാനാണ് ആലോചന.
RELATED TOPICS: DRIVING TEST, DRIVING TEST KERALA, KB GANESHKUMAR, KERALA MVD, DRIVING TEST RULES KERALA

Read News ⏭️

Back to top button