മുതിർന്ന മാദ്ധ്യമപ്രവർത്തകൻ കെ.കുഞ്ഞിക്കണ്ണൻ നിര്യാതനായി

തിരുവനന്തപുരം:മുതിർന്ന മാദ്ധ്യമപ്രവർത്തകനും ബി.ജെ.പി.നേതാവും ജന്മഭൂമിയുടെ റസിഡൻ്റ് എഡിറ്ററുമായ കെ.കുഞ്ഞിക്കണ്ണൻ(72) നിര്യാതനായി.
തിരുമലയിലെ വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് രണ്ടുദിവസമായി സ്വകാര്യആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം.രാവിലെ ജൻമഭൂമിയുടെ തിരുവനന്തപുരം ഓഫീസിലും പ്രസ്ക്ളബിലും തിരുമലയിലെ വീട്ടിലും പൊതുദർശനത്തിന് ശേഷം വൈകിട്ട് നാലോടെ ശാന്തികവാടത്തിൽ സംസ്ക്കാരം നടന്നു.
ഭാര്യ:പരേതയായ പ്രേമജ. മക്കൾ:പ്രകുല (ഏഷ്യാനെറ്റ് ന്യൂസ്),മഞ്ഞില. മരുമകൻ:രതീഷ് അനിരുദ്ധൻ (മാതൃഭൂമി ന്യൂസ്). കൊച്ചുമക്കൾ:ഗൗതമി,ബാലാമണി.
മന്ത്രിമാരായപി.കെ.കുഞ്ഞാലിക്കുട്ടി,സി.പി.ജോൺ,പ്രതിപക്ഷനേതാവ് പിണറായി വിജയൻ,ജോൺ ബ്രിട്ടാസ് എം.പി,എ.എ.റഹിം എം.പി,വി.മുരളീധരൻ എം.എൽ.എ,മേയർ വി.വി.രാജേഷ്,ഡെപ്യൂട്ടി മേയർ ജി.എസ്.ആശാനാഥ്, ബി.ജെ.പി.നേതാക്കളായ ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ,സംസ്ഥാന നേതാക്കളായ എസ്.സുരേഷ്,ഷോൺ ജോർജ്ജ്, സുധീർകുമാർ,മുതിർന്ന നേതാവ് കെ.രാമൻപിള്ള തുടങ്ങിയവർ ആദരാഞ്ജലിയർപ്പിച്ചു. മുഖ്യമന്ത്രി വി.ഡി.സതീശൻ അനുശോചിച്ചു.
കണ്ണൂർ ഇരിക്കൂർ കുട്ടാവിൽ 1954ൽ ജനിച്ച കെ.കുഞ്ഞിക്കണ്ണൻ ആർ.എസ്.എസിലൂടെയാണ് പൊതുരംഗത്തെത്തിയത്.1968ലെ തളിപ്പറമ്പിൽ ഗുരുജി ഗോൾവാൾക്കർ പങ്കെടുത്ത ആർഎസ്എസ് ശിബിരത്തിൽ പങ്കെടുത്തതോടെ സജീവപ്രവർത്തകനായി. അടിയന്തരാവസ്ഥയ്ക്കു ശേഷം യുവജനത കണ്ണൂർ ജില്ലാസെക്രട്ടറിയായി. യുവമോർച്ചയുടെ ആദ്യത്തെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. പേരാവൂർ, കണ്ണൂർ നിയോജക മണ്ഡലങ്ങളിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി. ദീർഘകാലമായി ബി.ജെ.പി.സംസ്ഥാനസമിതിയംഗമാണ്.
പാർട്ടിമുഖപത്രമായ ജന്മഭൂമി തുടങ്ങിയകാലം മുതൽ ന്യൂസ് എഡിറ്ററും റസിഡൻ്റ് എഡിറ്ററുമായി. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ്, തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ്, കേസരി സ്മാരക ജേർണലിസ്റ്റ് ട്രസ്റ്റ് ചെയർമാൻ,കണ്ണൂർ പ്രസ് ക്ലബ്ബ് സെക്രട്ടറി, ഫിലിംസെൻസർ ബോർഡ് അംഗം, ടെലികോം അഡ്വൈസറിബോർഡ് അംഗം,പത്രപ്രവർത്തക അക്രഡിറ്റേഷൻകമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു.
കെ.ജി.മാരാർ ഒരുസ്നേഹസാഗരം, കെ.ജി.മാരാർ മനുഷ്യപ്പറ്റിൻ്റെ പര്യായം, മറുപുറം,അടൽജി എന്നവിസ്മയം,കേരളത്തിലെ രാഷ്ട്രീയചരിത്രം എന്നിവയാണ് പ്രധാനകൃതികൾ.മുതിർന്ന പത്രപ്രവർത്തകനുള്ള നിയമസഭയുടെ ആദരം, ബി.കെ.ശേഖർപുരസ്കാരം, തപസ്യ പുരസ്കാരം,ഗുരുജിസേവാസമിതി പുരസ്കാരം എന്നിവയും ലഭിച്ചു.


