NEWS

‘ധർമേന്ദ്ര പ്രധാന്റെ രാജി കേവലം ഒരു മന്ത്രിയുടെ പതനമല്ല, മോദിയുടെ രാഷ്ട്രീയ പിൻവലിയലാണ്’


കോക്രോച്ച് ജനതാ പാർട്ടി നടത്തിയ യുവജന പ്രക്ഷോഭത്തിന്റെ നേട്ടം ധർമേന്ദ്ര പ്രധാന്റെ രാജിയിൽ ഒതുങ്ങുന്നതല്ല. ആഴമേറിയൊരു മുറിവാണ് അത് ഏൽപിച്ചിരിക്കുന്നത്: നരേന്ദ്ര മോദി ഏറെ പണിപ്പെട്ട് വളർത്തിയെടുത്ത ‘അപരാജിതനായ ഭരണാധികാരി’ എന്ന പ്രതിഛായയെ അതു തകർത്തെറിഞ്ഞിരിക്കുന്നു. അമിത് ഷായുടെ രാഷ്ട്രീയ തന്ത്രജ്ഞതയെക്കുറിച്ചുള്ള മിഥ്യാധാരണയുടെ പൊള്ളത്തരം തുറന്നുകാട്ടിയിരിക്കുന്നു. ഈ പ്രക്ഷോഭത്തെ നേരിടാൻ അമിത് ഷാ അഭയം പ്രാപിച്ചത് തന്റെ സഹജവാസനയിലാണ്– വിയോജിക്കുന്ന ഓരോ ശബ്ദത്തെയും ഓരോ ജനാധിപത്യ രോദനത്തെയും നിശ്ശബ്ദമാക്കുകയും അപകീർത്തിപ്പെടുത്തുകയും അടിച്ചമർത്തുകയും ചെയ്യുക.നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ രാഷ്ട്രീയ ആസ്തി ഒരിക്കലും അദ്ദേഹത്തിന്റെ ഭരണമായിരുന്നില്ല; മറിച്ച് അദ്ദേഹത്തിന് ചുറ്റുമുണ്ടായിരുന്ന പരിവേഷമായിരുന്നു. ഒരു പതിറ്റാണ്ടിലേറെയായി അജയ്യമായി തോന്നിച്ച പരിവേഷം. പൊതുജനാഭിപ്രായം രൂപീകരിക്കാനും ചർച്ചകളെ ഇച്ഛാനുസരണം മാറ്റിയെടുക്കാനുമുള്ള അസാധാരണ കഴിവ് മോദിക്കുണ്ടെന്ന വിശ്വാസത്തിലാണ് ആ പ്രതിഛായ നിലനിന്നിരുന്നത്. ഈ പ്രക്ഷോഭത്തിനിടെ രാജ്യത്തിന്റെ കൺമുന്നിൽ ആ പരിവേഷം തകർന്നുവീണു. ചെറുപ്പക്കാർ പ്രധാനമന്ത്രിയെ ആയിരക്കണക്കിന് മീമുകളുടെ വിഷയമാക്കി. അദ്ദേഹത്തിനു ചുറ്റും അതിസൂക്ഷ്മമായി നിർമിച്ചെടുത്ത വിശുദ്ധിയുടെ പരിവേഷം പിച്ചിച്ചീന്തപ്പെട്ടു. അവർ അദ്ദേഹത്തെ നോക്കി ചിരിച്ചു, പരിഹസിച്ചു, കാരിക്കേച്ചറുകൾ വരച്ചു. ജന്തർ മന്തറിൽനിന്ന് ജനക്കൂട്ടം പിരിഞ്ഞുപോയാലും ആ മീമുകൾ അപ്രത്യക്ഷമാകാൻ സാധ്യതയില്ല. ഒരു തലമുറയുടെ രാഷ്ട്രീയ സ്മൃതിയിലേക്ക് അത് കടന്നുകഴിഞ്ഞു.സ്വന്തം യുവത്വത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഒരു രാജ്യം അതിന്റെ നഷ്ടസ്വരം വീണ്ടെടുക്കാൻ തുടങ്ങുന്ന നിമിഷമായി ഇതു മാറിയേക്കാം. യുവാക്കൾ ഇപ്പോൾ മുന്നോട്ടുവച്ചിരിക്കുന്ന ഈ ദൗത്യത്തിനൊത്ത് നമ്മുടെ രാജ്യം ഉയരുമോ? കാലത്തിനു മാത്രം ഉത്തരം നൽകാനാകുന്ന ചോദ്യം.


Fashion ⏭️

Back to top button