NEWS
മൂന്നരയടി ഉയരത്തിൽ കോൺക്രീറ്റ് ഭിത്തി; റോഡ് കോൺക്രീറ്റ് ചെയ്തപ്പോൾ കുടുംബത്തിന്റെ വഴിയടഞ്ഞു

വാഴൂർ ∙ പുതിയ റോഡ് വന്നപ്പോൾ ഒരു കുടുംബത്തിന്റെ വഴിയടഞ്ഞു. നെഞ്ചുപൊട്ടി പ്രമീളയും മകളും. റോഡ് കോൺക്രീറ്റ് ചെയ്തതോടെ പുറത്തേക്കിറങ്ങാൻ പോലും വഴിയില്ലാതെ വീട്ടുതടങ്കലിലായ അവസ്ഥയിലാണ് വാഴൂർ പഞ്ചായത്ത് 18-ാം വാർഡ് എരുമത്തല തകിടിക്കുന്നേൽ പ്രമീളയും കുടുംബവും. വിധവയായ പ്രമീള നെടുംകുന്നത്ത് വഴിയരികിൽ ലോട്ടറി വിറ്റാണ് കുടുംബം പുലർത്തുന്നത്. ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന പ്രമീളയ്ക്ക് ഇപ്പോൾ പ്രധാന റോഡിൽ എത്തണമെങ്കിൽ അയൽപക്കത്തെ പുരയിടത്തിലെ കൈതക്കാട് താണ്ടണം. ഡിഗ്രി വിദ്യാർഥിനിയായ മകൾ അമ്മുവും ബെംഗളൂരുവിലുള്ള ഡ്രൈവറായ മകനും അടങ്ങുന്നതാണ് കുടുംബം.മൂന്നരയടി ഉയരത്തിൽ കോൺക്രീറ്റ് ഭിത്തി കഴിഞ്ഞ മാർച്ചിലാണ് എരുമത്തലയിൽ നിന്ന് കാഞ്ഞിരപ്പാറയിലേക്കുള്ള ഉപറോഡ് കോൺക്രീറ്റ് ചെയ്തത്. റോഡിന്റെ വശത്ത് അഞ്ചടിയോളം താഴ്ചയിലാണ് പ്രമീളയുടെ വീട്. എന്നാൽ, റോഡ് നിർമാണത്തിനൊപ്പം ഇവരുടെ വീടിന് മുന്നിലായി മൂന്നര അടിയോളം ഉയരത്തിൽ കോൺക്രീറ്റ് ഭിത്തി കൂടി കെട്ടിയുയർത്തിയതോടെ വീട്ടിലേക്കുള്ള വഴി പൂർണമായും അടഞ്ഞു. കയറിപ്പോകാൻ ഒരു പടിക്കെട്ട് പോലും നിർമിച്ചിട്ടില്ല. വഴി മണ്ണിട്ടുയർത്താനായി രണ്ടു വശത്തും കോൺക്രീറ്റ് ചെയ്തിട്ടുണ്ടെങ്കിലും അതിനും മുകളിലാണ് ഈ കോൺക്രീറ്റ് ഭിത്തി. പ്രശ്നപരിഹാരം തേടി പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് തുടങ്ങി ഒട്ടേറെ കേന്ദ്രങ്ങളിൽ പരാതി നൽകിയെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല.
Fashion ⏭️


