NEWS

ആ നിയന്ത്രണച്ചരട് ആഭ്യന്തര മന്ത്രിയുടെ കയ്യിൽ, അമിത്ഷായും ഭയന്നു; നിവൃത്തിയില്ലാതെ വന്നതോടെ പ്രധാനെ കൈവിട്ടു


ന്യൂഡൽഹി∙വിദ്യാർഥിസമരത്തിനു മുന്നിൽ പല പരാജയങ്ങളാണ് മോദി സർക്കാരും ബിജെപിയും സമ്മതിച്ചത്. നീറ്റ്–യുജി പരീക്ഷ നടത്തിപ്പിൽ തങ്ങൾ പരാജയപ്പെട്ടു, ജെൻ സീകളെ മനസിലാക്കുന്നതിൽ പരാജയപ്പെട്ടു, എതിർശബ്ദങ്ങളെ ദേശസ്നേഹവാദങ്ങളുന്നയിച്ച് അമർത്തുകയെന്ന ടൂൾകിറ്റ് പരാജയപ്പെട്ടു. ‌വിദ്യാർഥികളുടെ സമരത്തിനൊപ്പം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധവും ശക്തിപ്പെടുന്ന സ്ഥിതിയിൽ സർക്കാരിനു പരാജയങ്ങൾ സമ്മതിക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ലായിരുന്നു.തന്റെ മന്ത്രിമാരാരെങ്കിലും രാജിവയ്ക്കേണ്ടിവരുന്നതു തന്റെ പ്രതിഛായക്കും ദോഷമുണ്ടാക്കുമെന്നു കരുതുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തീരെ നിവൃത്തിയില്ലാതെ വന്നതിനാലാണ് ധർമേന്ദ്ര പ്രധാനെ രാജിവയ്പിച്ചത്. ആദ്യ മോദി മന്ത്രിസഭയിലെ അംഗമായിരുന്ന എം.ജെ.അക്ബറിന്റേതായിരുന്നു ഇതിനു മുൻപുള്ള നിർബന്ധിത രാജി. സിജെപിയുമായി പ്രത്യക്ഷത്തിൽ ചർച്ച നടത്തിയത് മന്ത്രിമാരായ ജെ.പി.നഡ്ഡയും ജിതേന്ദ്ര സിങ്ങുമാണെങ്കിലും, നിയന്ത്രണച്ചരട് ആഭ്യന്തരമന്ത്രി അമിത് ഷായുടെ കയ്യിലായിരുന്നു. പ്രധാൻ, അമിത് ഷായുടെ വിശ്വസ്തനാണ്. അതുകൊണ്ടുതന്നെ പ്രധാനെ സംരക്ഷിക്കേണ്ടത് അദ്ദേഹത്തിന്റെ ആവശ്യമായിരുന്നു. ഡൽഹി പൊലീസ് ആഭ്യന്തര മന്ത്രിയുടെ കീഴിലാണ്. സാഹചര്യം വഷളായാൽ തന്റെ രാജിയും സമരക്കാർ ആവശ്യപ്പെടുന്ന സ്ഥിതിയുണ്ടാകാമെന്ന് ആഭ്യന്തര മന്ത്രി വിലയിരുത്തിയതായും പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.


Fashion ⏭️

Back to top button