NEWS

ഓണാവധി തുടങ്ങും മുൻപേ ടിക്കറ്റ് വെയ്റ്റ് ലിസ്റ്റിൽ; ട്രെയിനുകളിലും ദീർഘദൂര ബസുകളിലും ടിക്കറ്റ് കിട്ടാനില്ല


കോഴിക്കോട് ∙ ഓണാവധിക്കു മുന്നോടിയായി കോഴിക്കോട്ടേക്കും തിരിച്ചുമുള്ള ട്രെയിനുകളിലും ദീർഘദൂര ബസുകളിലും ടിക്കറ്റ് കിട്ടാനില്ല. ബെംഗളൂരു അടക്കമുള്ള നഗരങ്ങളിൽ ജോലി ചെയ്യുന്നവർ നാട്ടിലേക്കു ടിക്കറ്റ് ലഭിക്കാതെ പ്രതിസന്ധിയിലാണ്. റെയിൽവേയിൽ ആഴ്ചകൾക്ക് മുൻപ് ടിക്കറ്റ് ബുക്കിങ് പൂർത്തിയായി. പ്രമുഖ നഗരങ്ങളിൽ നിന്നു മലബാറിലേക്കുള്ള എല്ലാ പ്രധാന ട്രെയിനുകളിലും ടിക്കറ്റ് വെയിറ്റ് ലിസ്റ്റിൽ മാത്രമാണ്. തിരക്ക് കണക്കിലെടുത്ത് മലബാറിലേക്ക് കൂടുതൽ സ്പെഷൽ ട്രെയിനുകൾ അനുവദിക്കണമെന്ന ആവശ്യം ഇത്തവണയും അവഗണിക്കപ്പെട്ടു. സാധാരണക്കാർ ആശ്രയിച്ചിരുന്ന ജനറൽ കോച്ചുകളുടെ എണ്ണം വെട്ടിച്ചുരുക്കിയതും യാത്രാദുരിതം രൂക്ഷമാക്കി. വന്ദേഭാരത് അടക്കമുള്ള പ്രീമിയം സർവീസുകളിലും ടിക്കറ്റുകൾ കിട്ടാനില്ലാത്ത അവസ്ഥയാണ്. ബെംഗളൂരു, ചെന്നൈ, മുംബൈ തുടങ്ങിയ നഗരങ്ങളിൽ നിന്ന് കോഴിക്കോട്ടേക്കുള്ള സ്വകാര്യ സ്ലീപ്പർ ബസുകൾ സാധാരണ നിരക്കിന്റെ രണ്ടും മൂന്നും ഇരട്ടി തുകയാണ് ഈടാക്കുന്നതെന്നു യാത്രക്കാർ പറഞ്ഞു. സംസ്ഥാനാന്തര സർവീസുകളിലും മറ്റ് ജില്ലകളിലേക്കുമുള്ള കെഎസ്ആർടിസി സ്പെഷൽ സർവീസുകൾ ആവശ്യത്തിന് ഇല്ലാത്തതും യാത്രക്കാരെ വലയ്ക്കുന്നു.


Fashion ⏭️

Back to top button