NEWS

15 അലമാരകളും നിറഞ്ഞുകവിഞ്ഞു; ഇരിപ്പിടങ്ങൾ പോലും കയ്യടക്കി കുടുംബശ്രീ ഓഫിസിലെ ഫയൽക്കൂമ്പാരങ്ങൾ


പത്തനംതിട്ട ∙ ഫയൽക്കൂമ്പാരത്തിൽ തിങ്ങിഞെരുങ്ങി കുടുംബശ്രീ ജില്ലാ ഓഫിസ്. കലക്ടറേറ്റിലെ 3–ാം നിലയിൽ പ്രവർത്തിക്കുന്ന ഓഫിസിന്റെ കവാടം മുതൽ ഉൾവശം വരെ ഫയലുകളുടെ കൂട്ടമാണ്. ഇരിപ്പിടങ്ങൾ പോലും ഇതിനായി മാറ്റി വച്ചു. ഇവിടെ സ്റ്റൂളുകൾ ഫയൽകെട്ടുകൾ വയ്ക്കാനുള്ളതാണ്. ഫീൽഡ് ജീവനക്കാരുൾപ്പെടെ 70ഓളം പേരുണ്ടായിട്ടും വലിപ്പം കുറഞ്ഞ മുറിയാണ് കുടുംബശ്രീ ജില്ലാ ഓഫിസിനായി അനുവദിച്ചിട്ടുള്ളത്. ഈ മുറിയിലും വരാന്തയിലുമായി 15 അലമാരകളുമുണ്ട്. ഇതും കടന്നാണ് കടലാസ് കെട്ടുകൾ ഓഫിസ് മുറിയിലെ ഇരിപ്പിടങ്ങളിലേക്കു പ്രവേശിച്ചത്.എലി, പൊടി, ഫയൽ വർഷങ്ങൾ പഴക്കമുള്ള ഫയലുകൾ വരെ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ബില്ലുകളാണ് കൂടുതലും. ജില്ലയിൽ 58 സിഡിഎസുകളുണ്ട്. 10 വർഷമെങ്കിലും ഫയലുകൾ കാത്തുസൂക്ഷിക്കണം. ഓരോ വർഷവും പദ്ധതികൾ ഏറുന്നതിനാൽ കടലാസ് കെട്ടുകളും വർധിക്കുന്നു. എലികളുടെ ശല്യവും പൊടിയും സഹിച്ചാണ് വനിതാ ജീവനക്കാരുൾപ്പെടെ ഇവിടെ ജോലി ചെയ്യുന്നത്. ചുറ്റും ഫയൽക്കൂട്ടം ‘വളർന്നതോടെ’ ചില ജീവനക്കാരെ കാണാൻ പോലും കഴിയില്ല.


Fashion ⏭️

Back to top button