AUTO
ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് കാറിന്റെ മോട്ടോർ റോഡിൽ വീണു! സംഭവം വൈറൽ

ഓടിക്കൊണ്ടിരിക്കുമ്പോള്‍ അടി തട്ടി ഇലക്ട്രിക്ക് കാറിന്റെ മോട്ടോര്‍ പുറത്തുവന്നെന്ന് ആരെങ്കിലും പറഞ്ഞാല്‍ വിശ്വസിക്കാന്‍ പാടാണ്. എന്നാല്‍ അങ്ങനൊരു ദൃശ്യം സോഷ്യല്‍മീഡിയയിലെത്തിയതോടെ സ്വാഭാവികമായും വൈറലായി. ബിവൈഡി ടാങ് എസ്യുവിയാണ് വെള്ളക്കെട്ടിലൂടെയുള്ള യാത്രക്കിടെ അടി തട്ടി ഇലക്ട്രിക്ക് മോട്ടോര്‍ വേര്‍പെട്ട് റോഡിലൂടെ നിരങ്ങി നീങ്ങുന്ന ദൃശ്യം പുറത്തുവന്നിരിക്കുന്നത്. വാഹനത്തിന്റെ നിര്‍മാണ തകരാറാണ് ഇതിനു കാരണമെന്ന രീതിയിലുള്ള പ്രചാരണം കൂടി ശക്തമായതോടെ വിഷയത്തില്‍ ഔദ്യോഗിക വിശദീകരണവുമായി എത്തിയിരിക്കുകയാണ് ബിവൈഡി. സംഭവം വൈറലായതോടെ ഔദ്യോഗിക വിശദീകരണവുമായി ബിവൈഡി തന്നെ രംഗത്തെത്തി. കസ്റ്റമര്‍ സര്‍വീസ് ചാനല്‍ വഴിയാണ് ബിവൈഡിയുടെ വിശദീകരണം വന്നത്. വെള്ളക്കെട്ടിലൂടെ സഞ്ചരിക്കുന്നതിനിടെ വെള്ളത്തില്‍ മുങ്ങിക്കിടന്ന എന്തോ വസ്തുവില്‍ ശക്തമായി ഇടിച്ചതാണ് ഈ അപകടത്തിന് കാരണമെന്നാണ് ബിവൈഡി അറിയിക്കുന്നത്. വാഹനത്തിന്റെ ഓപറേറ്റിങ് ഡാറ്റയും മോട്ടോര്‍ ഉറപ്പിച്ചിരുന്ന മൗണ്ടിങ് പോയിന്റുകള്ക്കുണ്ടായ കേടുപാടുകളും പരിശോധിച്ചതില്‍ നിന്നും നിര്‍മാണ വൈകല്യമല്ല മറിച്ച് പുറത്തു നിന്നുണ്ടായ ശക്തമായ ആഘാതമാണ് മോട്ടോര്‍ വേര്‍പെടാന്‍ കാരണമെന്ന് തെളിഞ്ഞതായി ബിവൈഡി അറിയിച്ചു. വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കുന്നതിലെ അപകട സാധ്യതകളെക്കുറിച്ച് നേരത്തെ തന്നെ ബിവൈഡി മുന്നറിയിപ്പു നല്‍കിയിരുന്നു. ജൂലൈ എട്ടിനാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് ബിവൈഡി ഉപഭോക്താക്കള്‍ക്ക് നല്‍കിയത്. ഇലക്ട്രിക്ക് വാഹനങ്ങളില്‍ മോട്ടോറും ബാറ്ററി സിസ്റ്റവും ചേസിസുമായി ഉറപ്പിച്ചു നിര്‍ത്താന്‍ പ്രത്യേക മൗണ്ടിങ് സ്ട്രെക്ച്ചറുകളാണ് ഉപയോഗിക്കുന്നത്. വലിയ അപകടങ്ങളോ ആഘാതങ്ങളോ ഉണ്ടാവുമ്പോള്‍ ഇത്തരം മൗണ്ടിങുകള് ഒടിയുകയോ വളയുകയോ ചെയ്യും. ഭാരമേറിയ മോട്ടോറും മറ്റു ഭാഗങ്ങളും പാസഞ്ചര്‍ കാബിനിലേക്ക് ഇടിച്ചു കയറി യാത്രികര്‍ക്ക് കൂടുതല്‍ പരിക്കേല്‍ക്കാതിരിക്കാനാണ് ഇങ്ങനെയൊരു സാങ്കേതികവിദ്യ. മോട്ടോര്‍ വേര്‍പെട്ട് റോഡിലൂടെ ഇഴഞ്ഞിട്ടു പോലും വാഹനം നിന്നിരുന്നില്ല. മോട്ടോര്‍ റോഡിലായിട്ടും വാഹനം മുന്നോട്ടു പോയതും ചര്‍ച്ചയായിരുന്നു. അപകടത്തില്‍ പെട്ട ബിവൈഡി ടാങ് ഓള് വീല്‍ ഡ്രൈവ് മോഡലായിരുന്നു. അതുകൊണ്ടുതന്നെ പിന് മോട്ടോര്‍ വേര്‍പെട്ടെങ്കിലും മുന്നിലെ ഇലക്ട്രിക്ക് മോട്ടോര്‍ പ്രവര്‍ത്തിച്ചതാണ് വാഹനത്തെ മുന്നോട്ടു പോവാന്‍ സഹായിച്ചത്.
Sports ⏭️


