NEWS

‘5 വർഷത്തിനിടെ ‍ചോദ്യപ്പേപ്പർ ചോർന്നത് 3 തവണ; എന്തുകൊണ്ടാണ് ബിജെപി സർക്കാർ ചർച്ച നടത്താൻ വൈകുന്നത്?’-കെ.അണ്ണാമലൈ


ചെന്നൈ∙ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ നടക്കുന്ന സമരത്തെ പിന്തുണച്ച് ബിജെപി മുൻ നേതാവ് കെ.അണ്ണാമലൈ. ചോദ്യപ്പേപ്പറുകൾ ആവർത്തിച്ച് ചോർന്നതാണ് വിദ്യാർഥികളെ തെരുവിലിറക്കിയതെന്നും ആരാണ് ഇതിന് ഉത്തരവാദികളെന്നും എക്സിൽ പങ്കുവച്ച കുറിപ്പിൽ തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കൂടിയായ അണ്ണാമലൈ ചോദിച്ചു. നീറ്റ് പരീക്ഷയെ ശക്തമായി പിന്തുണച്ചിരുന്ന അണ്ണാമലൈ, ബിജെപി വിട്ടതിനുശേഷമാണ് ഇക്കാര്യത്തിൽ നിലപാടു മാറ്റുന്നത്.‘മുൻ വർഷങ്ങളിൽ നീറ്റ് പരീക്ഷയെ പിന്തുണച്ചായിരുന്നു ഞാൻ വ്യക്തിപരമായി നിലപാടെടുത്തിരുന്നത്. രാജ്യത്താകെ പൊതു പരീക്ഷ നടത്തുന്നത് തുല്യത ഉറപ്പാക്കുമെന്നും പിന്നാക്കം നിൽക്കുന്ന പശ്ചാത്തലത്തിൽനിന്നുള്ള കുട്ടികൾക്ക് മെഡിക്കൽ വിദ്യാഭ്യാസം ലഭിക്കാൻ അവസരമൊരുക്കുമെന്നുമുള്ള വിശ്വാസത്തിലായിരുന്നു ഇത്. കഴിഞ്ഞ 5 വർഷത്തിനിടെ മൂന്നു തവണയാണ് നീറ്റ് യുജി ചോദ്യപ്പേപ്പർ ചോർന്നത്. തുല്യത ഉറപ്പുവരുത്താൻ കൊണ്ടുവന്ന സംവിധാനം പരാജയപ്പെട്ടതിന്റെ പേരിൽ വീണ്ടും പരീക്ഷ എഴുതേണ്ടി വരുന്ന വിദ്യാർഥികൾക്കുണ്ടാകുന്ന സമ്മർദം എത്രത്തോളം ആയിരിക്കുമെന്ന് ഓർത്തുനോക്കൂ. എന്നിട്ടും ആർക്കും ഉത്തരവാദിത്വമില്ല. അവരുടെ പ്രശ്നങ്ങൾ ഉറക്കെപ്പറയാനാണ് വിദ്യാർഥികൾ തെരുവിലിറങ്ങിയതെന്ന് ഞാൻ വിശ്വസിക്കുന്നു. പ്രതിഷേധക്കാരുമായി ചർച്ച നടത്താൻ എന്തുകൊണ്ടാണ് ബിജെപി സർക്കാർ ഇത്ര വൈകുന്നത്? പ്രതിഷേധം ഇത്രത്തോളം രൂക്ഷമാകുന്നതുവരെ എന്തുകൊണ്ടാണ് അർഥപൂർണമായ ഇടപെടൽ നടത്താതിരിക്കുന്നത്? എന്തിനു വേണ്ടിയാണ് നിങ്ങൾ കാത്തിരിക്കുന്നത്?’– അണ്ണാമലൈ ചോദിച്ചു.


Fashion ⏭️

Back to top button