സി.പി.എം കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് : തോൽവിയുടെ ഉത്തരവാദി സംസ്ഥാനനേതൃത്വം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്തതോൽവിയുടെ ഉത്തരവാദിത്വം സംസ്ഥാന നേതൃത്വം ഏറ്റെടുക്കണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി. വീഴ്ചകൾ പരിഹരിക്കുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടതായും അവലോകന റിപ്പോർട്ടിൽ ആരോപിക്കുന്നു. സ്ഥാനാർത്ഥി നിർണയത്തിൽ പാർട്ടി ജില്ലാ കമ്മിറ്റികൾക്ക് പാളിച്ച പറ്റിയെന്നാണ് സംസ്ഥാന കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ജില്ലാ കമ്മിറ്റികളെ പഴി ചാരി രക്ഷപ്പെടാനാവില്ല. സ്ഥാനാർത്ഥി നിർണ്ണയം അടക്കമുള്ള വീഴ്ചകളുടെ ഉത്തരവാദിത്വം സംസ്ഥാന നേതൃത്വത്തിനാണ്.
തളിപ്പറമ്പിലും പയ്യന്നൂരിലും സ്ഥാനാർത്ഥി നിർണ്ണയം പാളിയത് ജില്ലാ കമ്മിറ്റിക്ക് പറ്റിയ വീഴ്ചയാണെന്ന് പറഞ്ഞ് ഒഴിയാനാകില്ല. ബന്ധുക്കൾക്ക് സീറ്റ് നൽകുന്നുവെന്ന ആക്ഷേപം പാർട്ടിയിൽ നിന്ന് ഉയർന്നത് തിരിച്ചടിയായി. ശബരിമല സ്വർണത്തട്ടിപ്പ് കേസിൽ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം എ.പത്മകുമാറിനെതിരെ നടപടിയെടുക്കാൻ കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചിട്ടും, സംസ്ഥാന നേതൃത്വം അനുസരിച്ചില്ല. നടപടി നീട്ടിക്കൊണ്ടു പോയത് യു.ഡി.എഫ് രാഷ്ട്രീയ ആയുധമാക്കി. ആഗോള അയ്യപ്പ സംഗമം സർക്കാർ പരിപാടിയാണെന്ന പ്രചാരണത്തെ മറി കടക്കാനായില്ല.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ ആശംസ, അയ്യപ്പസംഗമത്തിൽ വായിച്ചത് പാർട്ടി നയങ്ങൾക്കെതിരായ നടപടിയാണ്. കേരളത്തിൽ രാഷ്ട്രീയ പ്രചാരണം ഫലപ്രദമായി നടത്താൻ നേതൃത്വത്തിന് കഴിഞ്ഞില്ല. സംഘടനാ ദൗർബല്യം തിരഞ്ഞെടുപ്പിൽ വ്യക്തമായി. സി.പി.എം-ബി.ജെ.പി ഡീലെന്ന മുസ്ലിംലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും പ്രചാരണം ചെറുക്കാനായില്ല. ഇതിന്റെ ഫലമായി ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തെ കൈവിട്ടു. തൊഴിലാളി വർഗത്തിന്റെ അതൃപ്തിയും പരിഹരിക്കാനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
വിശാല സംസ്ഥാനസമിതി സെപ്തം. 11 മുതൽ
തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടർന്ന് പാർട്ടിയിലെ തെറ്റു തിരുത്തൽ ചർച്ച ചെയ്യാനുള്ള സി.പി.എം വിശാല സംസ്ഥാന സമിതി യോഗം സെപ്തംബർ 11 മുതൽ 13 വരെ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിൽ നടത്താൻ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. സംസ്ഥാന സമിതി അംഗങ്ങൾക്ക് പുറമെ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും, വർഗ,ബഹുജന സംഘടനകളുടെ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നിവരും യോഗത്തിൽ പങ്കെടുക്കും. ഏരിയ സെക്രട്ടറിമാരെക്കൂടി പങ്കെടുപ്പിക്കണമെന്നാണ് ഉയർന്ന നിർദ്ദേശം. ഇക്കാര്യത്തിൽ ഇന്ന് ചേരുന്ന സംസ്ഥാന സമിതി യോഗം തീരുമാനമെടുക്കും.


