BUSINESS

രണ്ട് വിമാനത്താവളങ്ങളുടെ ഓഹരി സ്വകാര്യ കമ്പനികൾക്ക് വിൽക്കാൻ കേന്ദ്രം, ലക്ഷ്യമിടുന്നത് 5750 കോടി


രാജ്യത്തെ രണ്ട് വിമാനത്താവളങ്ങളിൽ എയർപോർട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കുള്ള (എഎഐ) ഓഹരികൾ‍ സ്വകാര്യ കമ്പനികൾക്ക് വിൽക്കാൻ കേന്ദ്ര സർക്കാർ. മുംബൈ, ഡൽഹി വിമാനത്താവളങ്ങളിൽ എഎഐയ്ക്ക് 26 ശതമാനം വീതം ഓഹരിയാണുള്ളത്. ഇത് നടപ്പു സാമ്പത്തിക വർഷx തന്നെ വിൽക്കാൻ കേന്ദ്രസർക്കാർ എഎഐയോടു നിർദേശിക്കുമെന്നാണ് വിവരം. സർക്കാർ ആസ്തികൾ സ്വകാര്യ മേഖലയ്ക്കു തുറന്നു കൊടുക്കാനുള്ള ദേശീയ സമ്പാദന പദ്ധതിയുടെ (നാഷനൽ മോണെട്ടൈസേഷൻ പൈപ്പ് ലൈൻ 2.0) ഭാഗമായാണ് നീക്കം. അഞ്ചു വർഷത്തിനുള്ളിൽ ഇത്തരത്തിൽ‍ 16.72 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. രാജ്യത്തെ 26 വിമാനത്താവളങ്ങളുടെ പ്രവർത്തനം സ്വകാര്യ കമ്പനികൾക്കു കൈമാറാനാണ് സർക്കാർ പദ്ധതി. പശ്ചിമേഷ്യൻ യുദ്ധത്തോടെ സാമ്പത്തിക പ്രതിസന്ധി കനത്തതാണ് ഡൽഹി, മുംബൈ വിമാനത്താവളങ്ങളുടെ ഓഹരി കൈമാറ്റം വേഗത്തിലാക്കുന്നത്. എഎഐയുടെ ഓഹരികൾ വിറ്റ് നടപ്പുസാമ്പത്തിക വർഷം 2800 കോടി രൂപയും അടുത്ത സാമ്പത്തിക വർഷം 2950 കോടി രൂപയും സമാഹരിക്കാമെന്നാണ് കേന്ദ്രസർക്കാരിന്റെ പ്രതീക്ഷ. പൊതുവിപണിയിൽ ഓഹരികൾ വിൽക്കുന്നതിനു പകരം തിരഞ്ഞെടുത്ത സ്വകാര്യ നിക്ഷേപകർക്ക് കൈമാറുന്ന പ്രൈവറ്റ് പ്ലേസ്മെന്റ് രീതിയായിരിക്കും സർക്കാർ സ്വീകരിക്കുക. മികച്ച വരുമാനം നേടുന്ന രണ്ട് വിമാനത്താവളങ്ങളുടെയും ഓഹരികൾ വാങ്ങാൻ നിക്ഷേപകരുടെ തള്ളിക്കയറ്റമുണ്ടാകുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്. ഡൽഹി  ഇന്റർനാഷനൽ എയർപോർട് ലിമിറ്റഡിൽ ജിഎംആർ എയർപോർട്സിന് 64 ശതമാനം ഓഹരിയും ജർമൻ കമ്പനിയായ ഫ്രാപോർട് എജിക്ക് 10 ശതമാനം ഓഹരിയുമാണുള്ളത്. രാജ്യത്ത് ഏറ്റവും തിരക്കുള്ള വിമാനത്താളം കൂടിയാണിത്. 2023-24 സാമ്പത്തിക വർഷത്തിൽ 7.4 കോടി യാത്രക്കാരാണ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്. മുംബൈ ഇന്റർനാഷനൽ എയർപോർട് ലിമിറ്റഡിന്റെ 74 ശതമാനം ഓഹരിയും അദാനി ഗ്രൂപ്പിനാണ്. 2024-25 സാമ്പത്തിക വർഷത്തിൽ 5.5 കോടി യാത്രക്കാരാണ് ഇതുവഴി യാത്ര ചെയ്തത്. 2021ലാണ് 1685 കോടി രൂപയ്ക്ക് മുംബൈ വിമാനത്താവളത്തിലെ 23.5 ശതമാനം ഓഹരി അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്.


Travel ⏭️

Back to top button