NEWS
‘പുറത്തു വിശദീകരിക്കേണ്ട കാര്യമില്ല; അതിന് ഞങ്ങൾക്കു സംവിധാനമുണ്ട്’: വാരാന്തപ്പതിപ്പ് വിവാദത്തിൽ എം.സ്വരാജ്

തിരുവനന്തപുരം∙ ദേശാഭിമാനി വാരാന്തപ്പതിപ്പിലേക്ക് വരുന്ന ലേഖനങ്ങളെക്കുറിച്ച് മറ്റുള്ളവരോടു വിശദീകരിക്കേണ്ട കാര്യമില്ലെന്ന് പത്രത്തിന്റെ റസിഡന്റ് എഡിറ്ററും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം.സ്വരാജ്. കെ.ആർ. അജയനെതിരെ നടപടിയെടുത്തിട്ടില്ലെന്നും ഏതെങ്കിലും ജീവനക്കാരനെതിരെ നടപടി എടുത്താൽപോലും മറ്റുള്ളവർക്ക് അതിൽ എന്താണ് കാര്യമെന്നും സ്വരാജ് ചോദിച്ചു.വാരാന്തപ്പതിപ്പിലേക്കു വരുന്ന ചില ലേഖനങ്ങൾ പ്രസിദ്ധീകരിക്കും ചിലതു മാറ്റിവയ്ക്കും. അതു പത്രത്തിന്റെ അവകാശമാണ്. അതൊന്നും പുറത്തു വിശദീകരിക്കേണ്ട കാര്യമില്ലെന്നും എം.സ്വരാജ് പറഞ്ഞു. ദേശാഭിമാനി എന്തു കൊടുക്കണമെന്ന് നിങ്ങളല്ല തീരുമാനിക്കേണ്ടത്. അതിന് ഞങ്ങൾക്കു സംവിധാനമുണ്ട്. ഒരു നാടകക്കാരനെ സംബന്ധിച്ചുള്ള ലേഖനം ഞങ്ങളുടെ മുന്നിലുള്ള വിഷയമേ അല്ല. സാങ്കേതിക കാരണങ്ങളാലാണ് വാരാന്തപ്പതിപ്പ് അച്ചടിക്കാൻ വൈകിയത്. ലേഖനം ഒഴിവാക്കാനാണ് അച്ചടി വൈകിയതെന്ന വാർത്തയും അച്ചടിച്ചു വിതരണം ചെയ്തില്ല എന്ന പ്രചാരണവും തെറ്റാണ്. ഇക്കാര്യത്തിൽ ആർക്കുമെതിരെ നടപടി എടുത്തിട്ടില്ലെന്നും സ്വരാജ് പറഞ്ഞു. അതേസമയം, വാരാന്തപ്പതിപ്പിന്റെ ചുമതല ആർക്കാണെന്ന ചോദ്യത്തിന് അത് ദേശാഭിമാനിയുടെ ആഭ്യന്തര വിഷയമാണെന്നായിരുന്നു സ്വരാജിന്റെ മറുപടി.
Fashion ⏭️


